കോഴിക്കോട്: വർഗീയ വിദ്വേഷം നിറച്ച് ഫേസ്ബുക്ക് പോസ്റ്റിന് മറുപടി ചെയ്‌ത ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് ഇന്നലെ നടന്ന പൗരാവലി റാലിയെ വർഗീയമായി അധിക്ഷേപിച്ച് ഫേസ്ബുക്കിലൂടെ മറുപടി പറഞ്ഞ കോഴിക്കോട് റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസിൽദാർ പി.വി സത്യപ്രകാശിന് എതിരെയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ മറുപടി വിവാദത്തില്‍; ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ പരാതി
'ഒരുപറ്റം രാഷ്‌ട്ര വിരുദ്ധ പാക് അനുകൂലികൾ നടത്തുന്ന പ്രോഗ്രാം എങ്ങനെയാണ് കോഴിക്കോട് പൗരാവലിയുടേതാവുക' എന്നാണ് ഡെപ്യൂട്ടി തഹസിൽദാർ സത്യപ്രകാശ് ഒരു ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി നല്‍കിയത്
യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലമെന്‍റ് മണ്ഡലം ജനറൽ സെക്രട്ടറി കെ. ഷിബുവാണ് സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കലക്‌ടർക്കും പരാതി നൽകിയത്. കോഴിക്കോട് എംപി എം.കെ രാഘവൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എംപി വീരേന്ദ്രകുമാർ തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുത്തത്. 'ഒരു പറ്റം രാഷ്‌ട്ര വിരുദ്ധ പാക് അനുകൂലികൾ നടത്തുന്ന പ്രോഗ്രാം എങ്ങനെയാണ് കോഴിക്കോട് പൗരാവലിയുടേതാവുക' എന്നാണ് സത്യപ്രകാശ് ഒരു ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി ചോദിച്ചത്.
ഇയാൾക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടാണ് ജില്ലാ കലക്‌ടർക്ക് പരാതി നൽകിയത്. ഇയാൾ നേരത്തെ ജോലി ചെയ്‌തിരുന്ന വില്ലേജ് ഓഫീസുകളിലും സമാന രീതിയിൽ പ്രവർത്തിച്ചിരുന്നതായും യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടു. സത്യപ്രകാശിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.