കോഴിക്കോട് : ഭാര്യയുമായി സൗഹൃദത്തിലായ യുവാവിനെതിരെ വിദേശത്തുള്ള ഭർത്താവിന്‍റെ ക്വട്ടേഷൻ. സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിലായി. മാത്തോട്ടം സ്വദേശിയെ മർദിക്കുന്നതിനായി ക്വട്ടേഷൻ ഏറ്റെടുത്തവർക്ക് സഹായം നൽകിയ മൂന്ന് പേരാണ് പിടിയിലായത്.
പയ്യാനയ്‌ക്കൽ തിരുത്തി വളപ്പ് ചക്കുങ്ങൽ അൻഫാൽ (28), ചക്കുംകടവ് എടയുളംപറമ്പ് സുഷീർ (33 ), നടുവട്ടം യൂപ്പിനിയകം പറമ്പ് ഫിറോസ് മൻസിലിൽ ഫിറോസ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും സംഭവ സമയത്ത് ഉപയോഗിച്ച വസ്‌ത്രങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. ഇനിയും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നും ഡെപ്യൂട്ടി കമ്മിഷണർ കെ ഇ ബൈജു പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനയ്‌ക്കൽ സ്വദേശിയുടെ നിർദേശ പ്രകാരമാണ് സംഘം ക്വട്ടേഷൻ ഏറ്റെടുത്തത്. സംഭവത്തിനുശേഷം യുവാവിന്‍റെ കൈയിൽ നിന്നും കവർന്ന മൊബൈൽ ഫോൺ കടലിലെറിഞ്ഞ് നശിപ്പിപ്പിച്ചതിനും ക്വട്ടേഷൻ പ്രതിഫലത്തുകയിൽ 20,000 രൂപ സംഘത്തിന് നൽകുകയും ചെയ്‌തതിനാണ് അൻഫാലിനെ അറസ്റ്റ് ചെയ്‌തത്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികളെ നടുവട്ടം ചേനോത്ത് സ്‌കൂളിന് അടുത്തുള്ള ഫിറോസ് തന്‍റെ വീട്ടിലാണ് അഞ്ച് ദിവസത്തോളം ഒളിവിൽ താമസിപ്പിച്ചത്. ഈ കുറ്റത്തിനാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
പിന്നീട് പൊലീസ് അന്വേഷണം ഊർജിതമാക്കി എന്നറിഞ്ഞ പ്രതികൾ കേരളം വിടുന്നതിനായി പദ്ധതിയിടുകയായിരുന്നു. ഇവർക്ക് സംസ്ഥാനം വിടുന്നതിനായി പുതിയ മൊബൈൽ ഫോണും സിം കാർഡും വാങ്ങി നൽകുകയും കൂടാതെ മറ്റ് സഹായങ്ങൾ നൽകുകയും ചെയ്‌തതിനാണ് സുഷീറിനെ അറസ്റ്റ് ചെയ്‌തത്. നാട്ടിലേക്ക് നിർദേശങ്ങള്‍ എത്തിക്കുന്നതിനായി ഇടനിലക്കാരനായി പ്രവൃത്തിച്ചതും സുഷീറായിരുന്നു.
ജില്ല പൊലീസ് മേധാവി രാജ്‌പാൽ മീണയുടെ നിർദേശ പ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ ഇ ബൈജുവിന്‍റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മാറാട് എസ് ഐ ശശികുമാറും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ ഉഡുപ്പിയിൽ വച്ച് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്‌തതിൽ ആവശ്യമായ സഹായങ്ങൾ നൽകിയവരെ കുറിച്ച് സൂചന ലഭിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.