കോടതികള്‍ വിശ്വാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു: യെച്ചൂരി - cpm shabarimala
നിയമവും ഭരണഘടനയും മത വിശ്വാസത്തിന് മുകളിലാണെന്ന് പറയുന്ന അതേ കോടതി തന്നെ ചില വിഷയങ്ങളിൽ വിശ്വാസത്തിന് അമിത പ്രാധാന്യം നൽകുന്നുവെന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു.
കോഴിക്കോട്: രാജ്യത്തെ നിയമം മത വിശ്വാസങ്ങൾക്ക് മുകളിലാണെന്ന് പറയുന്ന കോടതി അയോദ്ധ്യയിലും ശബരിമലയിലും വിശ്വാസത്തിന് പ്രാധാന്യം നൽകുന്നുവെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി യെച്ചൂരി. നിയമവും ഭരണഘടനയും മത വിശ്വാസത്തിന് മുകളിലാണെന്ന് പറയുന്ന അതേ കോടതി തന്നെ ചില വിഷയങ്ങളിൽ വിശ്വാസത്തിന് അമിത പ്രാധാന്യം നൽകുന്നുവെന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു.
കോഴിക്കോട്ട് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടന്ന ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ കഴിഞ്ഞ വർഷം സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞപ്പോൾ വിശ്വാസത്തിന് മുകളിലാണ് നിയമം എന്നാണ് പരാമർശിച്ചിരുന്നത്. എന്നാൽ ഇന്ന് സുപ്രീം കോടതി ഈ വിഷയത്തെ ഏഴംഗ ബെഞ്ചിന് വിടുകയാണ് ചെയ്തത്. വിശ്വാസത്തെ നിയമത്തിനകത്ത് പരിഗണിക്കാൻ കഴിയുമോ എന്നറിയാനാണ് ഏഴംഗ ബെഞ്ചിന് കേസ് കൈമാറിയത്. നേരത്തെ മുത്തലാഖ് വിഷയത്തിലും നിയമത്തിനാണ് വിശ്വാസത്തെക്കാൾ പ്രാധാന്യം കോടതി നൽകിയത്. എന്നാൽ അയോധ്യ കേസിൽ സ്ഥിതി മറ്റൊന്നായി മാറി. അയോധ്യയിൽ വിശ്വാസത്തിന് നിയമത്തേക്കാൾ മുൻതൂക്കം കോടതി നൽകി.
ഭരണഘടന അനുശാസിക്കുന്ന രാജ്യത്ത് ഇത്തരം വിധി കൊണ്ട് നീതി നടപ്പായി എന്ന് എങ്ങനെയാണ് പറയാൻ സാധിക്കുക എന്നും അദ്ദേഹം ചോദിച്ചു. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടി വരുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥം. ഇടതുപക്ഷം ഈ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിനായി പ്രവർത്തിക്കുമ്പോൾ ഇടതുപക്ഷത്തെ രാജ്യദ്രോഹികളായാണ് ചിത്രീകരിക്കുന്നത്. എന്നാൽ രാജ്യത്തിന്‍റെ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് യഥാർഥ രാജ്യദ്രോഹികളെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.