കോഴിക്കോട്:കെഎസ്ആർടിസി ബസിൽ സഹയാത്രികനിൽ നിന്നും അധ്യാപികയ്‌ക്ക് ദുരനുഭവം നേരിടേണ്ടിവന്ന സംഭവത്തിൽ പ്രതികരണവുമായി വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും സ്‌ത്രീ സുരക്ഷയെ കുറിച്ച് ധാരണയില്ലാതിരുന്നത് ദുഃഖകരമാണെന്ന് സതീദേവി പറഞ്ഞു.
സ്ത്രീ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. യുവതിയ്‌ക്ക് നേരെയുണ്ടായ ദുരനുഭവം ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ കഴിയില്ല. കണ്ടക്‌ടർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പരാതിക്കാരിക്ക് നീതി ലഭ്യമാക്കുന്നതിനും വേണ്ട എല്ലാ ഇടപെടലുകളും വനിത കമ്മീഷന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അവർ ഉറപ്പുനൽകി.
കെഎസ്ആർടിസി ലൈംഗിക അതിക്രമത്തിൽ വനിത കമ്മീഷൻ അധ്യക്ഷ ശനിയാഴ്‌ച രാത്രി രണ്ടരയോടെയാണ് കെഎസ്ആർടിസി യാത്രക്കാരിയായ യുവതിയ്ക്ക് നേരെ ബസിൽ വെച്ച് ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രാമധ്യേ സഹയാത്രികനിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നും പരാതിപ്പെട്ടിട്ടും കണ്ടക്‌ടർ ഗൗരവമായി കണ്ടില്ലെന്നും അധ്യാപിക ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തുകയായിരുന്നു.
സഹയാത്രികൻ ശരീരത്തിൽ സ്‌പർശിക്കുകയായിരുന്നു. മോശമായി പെരുമാറിയത് ചോദ്യം ചെയ്‌തതോടെ ഇയാൾ സീറ്റ് മാറി ഇരുന്നു. എന്നാൽ പരാതി പറഞ്ഞിട്ടും കണ്ടക്‌ടർ ഇടപെട്ടില്ലെന്നും യുവതി ആരോപിച്ചു. സഹയാത്രക്കാരും കണ്ട ഭാവം നടിക്കാതെ വന്നത് വലിയ വേദന ഉണ്ടാക്കിയെന്ന് യുവതി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
READ MORE:കെഎസ്ആർടിസി ബസില്‍ ലൈംഗിക അതിക്രമം, കണ്ടക്‌ടർ പരിഗണിച്ചില്ല; അധ്യാപികയുടെ വെളിപ്പെടുത്തല്‍ ഫേസ്‌ബുക്കില്‍