കോഴിക്കോട് : മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത. പീഡനത്തിന് പിന്നാലെ പരിശോധന നടത്തിയ ഡോക്‌ടര്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് യുവതിയുടെ പരാതി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് യുവതി പരാതി നല്‍കിയത്.
കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് പരാതിക്കാരി ഇത്തരമൊരു നീക്കം നടത്തിയത്. പരാതി ഉണ്ടായിരുന്നെങ്കില്‍ അന്വേഷണ ഘട്ടത്തില്‍ ബോധിപ്പിക്കേണ്ടതായിരുന്നെന്ന് പൊലീസ് യുവതിയെ അറിയിച്ചു. എന്നാൽ മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് തനിക്ക് കിട്ടിയതെന്നും അതില്‍ താന്‍ പറഞ്ഞ കാര്യങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കാണിച്ചാണ് പുതിയ പരാതി.
പ്രതിയായ അറ്റന്‍ഡറെ രക്ഷിക്കാനുളള നീക്കമാണിതെന്ന് ആരോപിച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനം. കേസിലെ പ്രധാന പ്രതിയുടേയും ഇയാൾക്ക് വേണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയേയും സമീപിച്ചിരിക്കുകയാണ്.
അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമം : കേസിൽ അതിജീവിതയെ സ്വാധീനിക്കാനും ശ്രമം നടന്നിരുന്നു. പീഡനപരാതി ഇല്ലാതാക്കാൻ അഞ്ച് വനിത ജീവനക്കാർ ചേർന്ന് പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തുകയും സമ്മർദം ചെലുത്തുകയും ചെയ്‌തു. തുടർന്ന് ഈ അഞ്ചുപേരെയും സസ്‌പെൻഡ് ചെയ്‌തിരുന്നു. എന്നാൽ ഇവരെ തിരിച്ചെടുത്തുകൊണ്ട് ആശുപത്രി അധികൃതർ ഉത്തരവിറക്കി. ഇവർക്കെതിരെ കുറ്റം തെളിയിക്കാൻ സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് പേരെയും തിരിച്ചെടുത്തത്. എന്നാൽ ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.