കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദം. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്‍റെ സഹപ്രവർത്തകരായ വനിത ജീവനക്കാരാണ് സമ്മർദം ചെലുത്തുന്നതെന്ന് യുവതിയുടെ ഭർത്താവ് പരാതി നൽകി. സൂപ്രണ്ടിനാണ് രേഖാമൂലം പരാതി നൽകിയത്.
സമ്മർദത്തിന് വഴങ്ങാത്തതിനെ തുടർന്ന് യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചു. പരാതി ലഭിച്ചതോടെ യുവതിയെ ചികിത്സിക്കുന്ന വാര്‍ഡില്‍ സന്ദര്‍ശകരെ വിലക്കി സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കി.
സൂപ്രണ്ടിന്‍റെ സര്‍ക്കുലര്‍ ഇങ്ങനെ:രോഗിയെ പരിചരിക്കാൻ ചുമതലപ്പെട്ട ഡോക്‌ടർക്കും നഴ്‌സിനും മാത്രമെ പരാതിക്കാരിയുടെ മുറിയിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ എന്നാണ് സർക്കുലർ. ഇവരെ പ്രവേശിപ്പിച്ച വാർഡിനു പുറത്ത് സെക്യൂരിറ്റി ജീവനക്കാരനെ നിർത്താനും സൂപ്രണ്ട് നിർദേശിച്ചു. അനാവശ്യമായി പരാതിക്കാരിയായ രോഗിയെ ആരെങ്കിലും സന്ദർശിക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ടിന്‍റെ സർക്കുലറിൽ പറയുന്നു. രോഗിയുടെ ആരോഗ്യനില ദിവസവും പരിശോധിച്ച് പൂർണമായും സൗജന്യ ചികിത്സ നൽകാനും സൂപ്രണ്ട് ഉത്തരവിട്ടു.
യുവതിയുടെ ഭര്‍ത്താവിന്‍റെ പരാതി: മെഡിക്കൽ കോളജിലെ ജീവനക്കാർ ഭാര്യയയെ മാനസികമായി ഉപദ്രവിക്കുകയാണ്. കേസിൽ ചർച്ച നടത്താം എന്നാണ് പറയുന്നത്. ഭാര്യക്ക് മാനസിക രോഗമുണ്ടെന്ന് പറഞ്ഞ് പരത്തുന്നു. അറ്റൻഡർ തസ്‌തികയിലുള്ള വനിത ജീവനക്കാരാണ് സമീപിച്ചത്. 15 ഓളം ആളുകൾ രണ്ട് ദിവസമായി വന്നു കണ്ടു. വാർഡിൽ വന്നാണ് സമ്മർദം. പരാതി പിൻവലിക്കണം, നഷ്‌ടപരിഹാരം തരാം എന്നാണ് പറയുന്നതെന്നും ഭർത്താവ് പരാതിയിൽ പറയുന്നു.