കോഴിക്കോട് :പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ (Kakkad Eco Tourism Centre) ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം (30) ആണ് മരിച്ചത്. തസ്‌നീമിൻ്റെ കൂടെയുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി. ഇയാളെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനപ്രദേശത്ത് ശക്തമായ മഴ പെയ്‌തതിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇരുവരും അകപ്പെടുകയായിരുന്നു.
ഇക്കോ ടൂറിസം കേന്ദ്രത്തിൽ തിരുവോണ ദിനത്തിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. വനപ്രദേശത്ത് ശക്തമായ മഴ പെയ്‌തതിനെ തുടർന്ന് വെള്ളം അപ്രതീക്ഷിതമായി കുത്തി ഒഴുകുകയായിരുന്നു. പാറക്കെട്ടിൽ കാഴ്‌ചകൾ കണ്ടുനിന്ന ഇരുവരും മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടു.
ഒഴുക്കിൽപ്പെട്ട മുഹമ്മദ് റാഷിദിനെ ടൂറിസ്റ്റ് ഗൈഡ് ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയത്. തുടർന്നാണ് യുവതി വെള്ളത്തിൽ അകപ്പെട്ടതായി അറിഞ്ഞത്. തെരച്ചിലിനിടെ കുറുമരുകണ്ടി ഭാഗത്തുനിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളക്കെട്ടിൽ മുങ്ങി മരിച്ച് സഹോദരങ്ങൾ : ഇക്കഴിഞ്ഞ ജൂലൈയിൽ കോഴിക്കോട് കനത്ത മഴയിൽ ആഴത്തിലുള്ള വെള്ളക്കെട്ടിൽ വീണ് ട്യൂഷന് പോയ സഹോദരങ്ങൾ മുങ്ങി മരിച്ചിരുന്നു. മുഹമ്മദ് ഹാദി (13), മുഹമ്മദ് ആഷിർ (7) എന്നിവരാണ് മുങ്ങിമരിച്ചത്. ജൂലൈ 23 വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
വീടിന് സമീപത്തെ ട്യൂഷൻ ക്ലാസിൽ കുട്ടികൾ എത്തിയില്ലെന്ന് ടീച്ചർ അറിയിച്ചതോടെയാണ് നാട്ടുകാർ ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രദേശത്തെ വെള്ളക്കെട്ടിന്‍റെ അടുത്ത് നിന്ന് കുട്ടികളുടെ ബാഗുകളും ചെരുപ്പുകളും ലഭിക്കുന്നത്.