നടുവണ്ണൂരിലെ വോളിബോള്‍ അക്കാദമി തയ്യാര്‍ കോഴിക്കോട്:വോളിബോളിൻ്റെ ഈറ്റില്ലമായ നടുവണ്ണൂരിൽ ദേശീയ നിലവാരമുള്ള അക്കാദമി ഒരുങ്ങി (Volleyball academy ready for opening at Naduvannur Kozhikode). ആധുനിക സൗകര്യങ്ങളോട് കൂടി ആരംഭിച്ച അക്കാദമിയിൽ വിദഗ്‌ധരുടെ ശിക്ഷണത്തിൽ പുതിയ തലമുറയ്ക്ക് ഇനി കളി അഭ്യസിക്കാം. കാവുന്തറയിലെ തെങ്ങിടപറമ്പിൽ വോളി അക്കാദമി വിലയ്ക്കു വാങ്ങിയ 75 സെന്‍റ് സ്ഥലത്താണ് കെട്ടിടം പണിതത്. കിഫ്ബി ഫണ്ട് (KIIFB) ഉപയോഗിച്ച് 10 കോടി 63 ലക്ഷം രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയത്.
3687 ചതുരശ്രമീറ്ററിലുള്ള ഇരുനില കെട്ടിടത്തിൽ ഒന്നാം നിലയിൽ വിശാലമായ സൗകര്യത്തോടെ തിയറി ക്ലാസ് മുറിയും മൾട്ടി ജിമ്മും രണ്ടാം നിലയിൽ രണ്ട് ഇൻഡോർ കോർട്ടുകളും തയാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഡോർമിറ്ററികൾ ഒരുക്കിയത് ഒന്ന്, രണ്ട് നിലകളിലാണ്. അക്കാദമിയുടെ മുറ്റത്താണ് ഔട്ഡോർ കോർട്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്റ് സൊസൈറ്റിയാണ് (Uralungal Labour Contract Society) നിർമാണം.
നിർമാണം പൂർത്തീകരിച്ച കെട്ടിടം ഊരാളുങ്കൽ സൊസൈറ്റിയും കിറ്റ്‌കോയും ചേർന്ന് ട്രസ്റ്റിന് കൈമാറി. സ്പോർട്‌സ് കൗൺസിൽ കോച്ചായ സി.ആർ.രാഗേഷിനെ മുഖ്യ പരിശീലകനായി നിയമിച്ചിട്ടുണ്ട്. ഹോസ്റ്റൽ വാർഡനെ ഉടൻ നിയമിക്കും. 52 കുട്ടികൾക്കാണ് തുടക്കത്തിൽ പ്രവേശനം. 7 മുതൽ 11 വരെ ക്ലാസുകളിൽ പഠിക്കുന്ന 32 കുട്ടികൾക്ക് അക്കാദമി സെലക്‌ഷൻ നൽകിയിട്ടുണ്ട്.
20 പേർക്ക് സ്പോർട്‌സ് കൗൺസിൽ വഴിയാണ് പ്രവേശനം. ഇവർക്കുള്ള കോച്ചിങ് അനുബന്ധ ചെലവുകൾ സർക്കാർ വഹിക്കും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ആൺകുട്ടികൾ അക്കാദമിയിൽ ഒത്തു ചേരുന്നുണ്ട്. തൊട്ടടുത്ത സ്കൂളിൽ പഠന സൗകര്യവുമുണ്ട്.
ക്വിറ്റ് ഇന്ത്യ സമര കാലത്ത് തന്നെ വോളിബോൾ പ്രചാരത്തിലുള്ള നാടാണ് നടുവണ്ണൂർ. 67-ൽ റിക്രിയേഷൻ ക്ലബ് രൂപീകരിച്ചതോടെ വലിയ പ്രചാരം ലഭിച്ചു. കേരളത്തിലെ അറിയപ്പെടുന്ന ഈ ക്ലബിൻ്റെ ടൂർണമെൻ്റുകളിൽ ദേശീയ താരങ്ങൾ മാറ്റുരച്ചു. ഇതിനൊപ്പം പരിശീലന കേന്ദ്രവും ആരംഭിച്ചു. ടിപി രാമകൃഷ്ണൻ (TP Ramakrishnan) എംഎൽഎയുടെ ആശയ ഫലമായി 2002-ൽ വോളിബോൾ ട്രസ്റ്റിന് രൂപം നൽകിയതിന് പിന്നാലെയാണ് ഈ അക്കാദമി ഉദയം ചെയ്‌തത്.
ടി പി രാമകൃഷ്ണൻ എംഎൽഎ (ചെയർമാൻ), എൻഐഎസ് പരിശീലകൻ ഇ അച്യുതൻനായർ (വർക്കിങ് പ്രസിഡന്‍റ്), ഒ ബാലൻ നായർ, ടി പി ദാമോദരൻ (വൈസ് ചെയർമാൻമാർ), ടി എം ശശി, എംകെ പരീത്, എ കെ വിജയൻ (ജോയന്‍റ് സെക്രട്ടറിമാർ), ഒ എം കൃഷ്ണകുമാർ (ട്രഷറർ) എന്നിവരടങ്ങുന്ന ട്രസ്റ്റിന് കീഴിലാണ് അക്കാദമി പ്രവർത്തനം. സെപ്റ്റംബർ 16-ന് മന്ത്രി വി അബ്‌ദുറഹ്മാൻ (V Abdurahiman) അക്കാദമി നാടിനു സമർപ്പിക്കും (V Abdurahiman to open volleyball academy in Naduvannur).
ALSO READ:Harbhajan Singh Advice To Indian Cricket Team പാക് പേസര്‍മാരെ അടിച്ച് നിലംപരിശാക്കാം, ഷഹീന് അതിന് കഴിയുന്നില്ലെന്ന് ഉറപ്പുവരുത്തണം; തന്ത്രമോതി ഹര്‍ഭജന്‍