കോഴിക്കോട് : ഭൂപരിഷ്‌ക്കരണ നിയമത്തിലെ സെക്ഷൻ 81 പ്രകാരം ഇളവ് ലഭിച്ച തോട്ട ഭൂമി ഭൂവുടമകൾ തുണ്ടുകളാക്കി മുറിച്ചുവിൽപ്പന നടത്തുന്നത് വ്യാപകമായതോടെ ബോധവത്കരണ നടപടിയുമായി റവന്യൂ വകുപ്പ്. നിലവിലുള്ള എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് വില്‍പ്പനയെന്ന് റവന്യൂ അധികൃതര്‍ പറയുന്നു.
മലയോര മേഖലയിലാണ് ഇത്തരം പ്രവർത്തനങ്ങൾ വ്യാപകമായി നടക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ തുടങ്ങിയതാണ് ഇത്തരത്തില്‍ നിയമലംഘനം. ഇതോടെ 2015 ൽ ലാൻഡ് ബോർഡ് സെക്രട്ടറി സംസ്ഥാനത്തെ എല്ലാ വില്ലജ് ഓഫിസർമാർക്കും, ഇത്തരം ഭൂമി ക്രയവിക്രയം നടത്തുന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു.
ഇതിന്‍റെ ഭാഗമായാണ് കുമാരനല്ലൂർ വില്ലേജിലെ വിവിധ സ്ഥലങ്ങളിൽ കുമാരനല്ലൂർ വില്ലേജ് ഓഫിസർ നജ്മൽ ഹുദയുടെ നേതൃത്വത്തിൽ ബോർഡുകൾ സ്ഥാപിച്ചത്. 1970 ജനുവരി ഒന്നിന് ആണ് ഭൂപരിഷ്‌കരണ നിയമത്തിൽ സെക്ഷൻ 81 പ്രകാരം ഭൂവുടമകൾക്ക് ഇളവ് നൽകിയിരുന്നത്.
നിയമങ്ങള്‍ക്ക് പുല്ലുവില, തോട്ടഭൂമികള്‍ മുറിച്ച് വില്‍ക്കുന്നു ; കര്‍ശന നടപടിക്ക് റവന്യൂ വകുപ്പ് Also Read: 'വിവാദമുണ്ടാക്കുന്നവർ ആദ്യം ഭരണഘടന വായിക്കണം' ; ഡി-ലിറ്റ് വിവാദത്തിൽ ഗവർണർ
ഇളവ് ലഭിച്ച തോട്ടഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണെങ്കിൽ ഭൂമി സർക്കാരിന് നല്‍കിയശേഷം തിരിച്ചെടുക്കാമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ വസ്തുതകൾ മറച്ചുവച്ചാണ് പല ഭൂവുടമകളും ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി മുറിച്ച് വിൽപ്പന നടത്തുന്നത്.
ഇത്തരത്തിൽ ഭൂമി വാങ്ങി വീടുവച്ചവരും ഏറെയാണ്. പക്ഷേ പിന്നീട് വീടിന് നമ്പറും മറ്റും കിട്ടാതാവുമ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടത് പലരും അറിയുക. നേരത്തെ ഇളവ് ലഭിച്ച ഭൂമി വിൽപ്പന നടത്തിയാൽ വസ്തു വാങ്ങിയയാൾ നിയമനടപടികളിൽ ഉൾപ്പെട്ടിരുന്നില്ല.
എന്നാൽ ഇപ്പോൾ വാങ്ങിയ ആളിൽ നിന്ന് തന്നെ സർക്കാരിന് ഭൂമി തിരിച്ചെടുക്കാം എന്നാണ് വ്യവസ്ഥ. മലയോരത്ത് കുമാരനല്ലൂർ വില്ലേജിൽ തന്നെ ഇത്തരത്തിൽ നിരവധി ഭൂമികൾ മുറിച്ചുവിൽപ്പന നടത്തിയിരുന്നു.