കേരളം

kerala

ETV Bharat / state

'വിജിഷ കുടുങ്ങിയത് ഓണ്‍ലൈന്‍ തട്ടിപ്പില്‍, ലോട്ടറി ചൂതാട്ടത്തിലും ഇരയായി' ; ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി - വിജിഷ ആത്മഹത്യ ഓൺലൈൻ മണിചെയിൻ തട്ടിപ്പ്

മരണത്തിന് തൊട്ടുമുമ്പ് വിജിഷയുടെ ഫോണിലേക്ക് വന്ന കോളുകൾ ആയിരിക്കണം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് സംശയം

Vijitha suicide action council  action council crime branch investigation  online money chain fraud  വിജിഷ ആത്മഹത്യ ഓൺലൈൻ മണിചെയിൻ തട്ടിപ്പ്  ആക്ഷൻ കമ്മിറ്റി ക്രൈം ബ്രാഞ്ച് അന്വേഷണം
വിജിഷയുടെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

By

Published : Feb 13, 2022, 4:30 PM IST

കോഴിക്കോട് : കൊയിലാണ്ടി ചേലിയയിലെ മലയിൽ വിജിഷയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി. ഓൺലൈൻ തട്ടിപ്പിനിരയായതിനെ തുടർന്നാണ് വിജിഷ ജീവനൊടുക്കിയത്. അത് തെളിയിക്കപ്പെടണമെങ്കിൽ പൊലീസ് അന്വേഷിച്ചാല്‍ പോര കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു.

വിജിഷ ഓണ്‍ലൈന്‍ തട്ടിപ്പില്‍പ്പെടുകയായിരുന്നു. ലോട്ടറി ചൂതാട്ടത്തിലും ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായി ആക്ഷന്‍ കമ്മിറ്റി പറയുന്നു. കൊയിലാണ്ടിയിലെ സ്വകാര്യ മൊബൈൽ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന വിജിഷ ആത്മഹത്യ ചെയ്‌തിട്ട് രണ്ട് മാസമായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മരണത്തിന് തൊട്ടുമുമ്പ് വിജിഷയുടെ ഫോണിലേക്ക് വന്ന കോളുകൾ ആയിരിക്കണം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. പതിവുപോലെ ഓഫിസിലേക്ക് പുറപ്പെട്ട വിജിഷ പെട്ടെന്ന് തന്നെ തിരിച്ചുവന്ന് വീട്ടില്‍ ജീവനൊടുക്കുകയായിരുന്നു.

ചേലിയയിലും പരിസര പ്രദേശങ്ങളിലും വിവിധ അനധികൃത ഓൺലൈൻ പണമിടപാടുകൾ നടക്കുന്നുണ്ട്. വിജിഷയെ പോലെ ഒട്ടനവധി പേർ ഇതിന് ഇരയാകുന്നതായും വാർത്തയുണ്ട്. മറ്റൊരു ദുരന്തം കൂടി ഉണ്ടാകാതിരിക്കാൻ അന്വേഷണം ശക്തമാക്കുകയും ജനങ്ങളെ ഇത്തരം ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്യേണ്ടതുണ്ട്. പൊലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും അതിനായി ഉണർന്നുപ്രവർത്തിക്കണമെന്നും ആക്ഷൻ കമ്മിറ്റി അഭ്യർഥിച്ചു.

സ്വന്തം വീട്ടിൽ ജീവനൊടുക്കിയ അവിവാഹിതയായ 31കാരിയുടെ മരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് ആക്ഷൻ കമ്മറ്റി രൂപീകരിച്ചത്. രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുമായി ഒരു കോടിയോളം രൂപയുടെ ഇടപാടുകളാണ് യുവതി നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 35 പവന്‍ സ്വർണം വീട്ടുകാര്‍ അറിയാതെ വിജിഷ ബാങ്കില്‍ പണയംവച്ച് വാങ്ങിയിട്ടുണ്ട്.

ഇത്രയും പണത്തിന്‍റെ ഇടപാടുകള്‍ ആര്‍ക്ക് വേണ്ടിയാണ്, എന്തിന് വേണ്ടിയാണ് വിജിഷ നടത്തിയതെന്ന് വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ല. പൊലീസ് അറിയിക്കുമ്പോഴാണ് വീട്ടുകാർ പോലും പണമിടപാടിനെപ്പറ്റി അറിയുന്നത്. നാട്ടിലുടനീളമുള്ള മണി ചെയിൻ മോഡൽ പണം ഇരട്ടിപ്പിക്കലിലും ലോട്ടറി ചൂതാട്ടത്തിലും വിജിഷ പങ്കാളിയായി എന്നാണ് പൊലീസ് നിഗമനം.

എന്നാൽ ഫോണിലുള്ളതടക്കം മുഴുവൻ തെളിവുകളും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. ചില വ്യക്തികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്‍റും ആക്ഷൻ കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ഷീബ മലയിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം മജു, ടി.കെ മജീദ്, (ഗ്രാമ പഞ്ചായത്ത് മെമ്പർമാർ) കെ.എം ജോഷി(ആക്ഷൻ കമ്മിറ്റി കൺവീനർ), മലയിൽ ഭാസ്‌കരൻ, ടി.പി സത്യൻ, രജീഷ് കൊണ്ടോത്ത്, പ്രകാശൻ സി.കെ, സജീഷ് പറയൻകുഴി, പ്രനീത എം.എം, അമിത, വിജയരാഘവൻ ചേലിയ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read: നടത്തിയത് ഒരു കോടിയുടെ ഇടപാട്, യുവതിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

ABOUT THE AUTHOR

...view details