കോഴിക്കോട്:അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. കോഴിക്കോട് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്‌തത്. ബുധനാഴ്ച (ജൂലൈ7) രാവിലെ പത്ത് മുതൽ മൂന്ന് മണി വരെ ഷാജിയെ ചോദ്യം ചെയ്തിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസ്;കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്‌തു - കെ എം ഷാജി
ഷാജിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് വീണ്ടും ചോദ്യം ചെയ്‌തത്
കേസുമായി ബന്ധപ്പെട്ട് ഷാജി സമർപ്പിച്ച രേഖകൾ വിജിലൻസ് വിശദമായി പരിശോധിച്ചിരുന്നു. ഷാജിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് വീണ്ടും ചോദ്യം ചെയ്‌തത്. ലോക്ക് ഡൗണിനെത്തുടർന്ന് മന്ദഗതിയിലായ അന്വേഷണം വീണ്ടും സജീവമാക്കാനാണ് വിജിലൻസ് നീക്കം.
ഇതിന്‍റെ ഭാഗമായാണ് ഷാജിയെ വിളിച്ച് വരുത്തിയത്. ഷാജിയുടെ വീട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന. കണ്ണൂരിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത 47 ലക്ഷത്തിൽപ്പരം രൂപയുടെ രേഖകൾ ഹാജരാക്കിയതിലും പൊരുത്തകേടുണ്ടെന്നാണ് അറിയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്‍റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്‍റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.