കോഴിക്കോട്: നവീകരിച്ച് ഒരാഴ്‌ചയ്ക്കകം റോഡ് തകർന്നു, നാട്ടുകാരും സംഘടനകളും പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന ആരംഭിച്ച് വിജിലൻസ് (Vigilance inspection on damaged road). കോഴിക്കോട് ഊട്ടി ഹ്രസ്വ ദൂര പാതയായ മാവൂർ - കൂളിമാട് - എരഞ്ഞിമാവ് റോഡ് തകർന്നതിനെ തുടർന്നാണ് പിഡബ്ല്യുഡി ചീഫ് എഞ്ചിനിയറുടെ വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്.
രാവിലെ 11 മണിയോടുകൂടിയാണ് വിജിലൻസ് മൊബൈൽ ലാബ് സ്ഥലത്തെത്തുകയും റോഡ് കൂടുതൽ തകർന്ന മൂന്ന് ഭാഗങ്ങളിൽ നിന്നും സാമ്പിൾ ശേഖരിക്കുകയും ചെയ്‌തത്. താത്തൂർ പൊയിൽ, കൂളിമാട്, എരഞ്ഞിമാവ്, പന്നിക്കോട് തുടങ്ങിയ ഭാഗങ്ങളിൽ ആണ് റോഡ് ഗതാഗതത്തിന് തടസ്സം വരുന്ന വിധത്തിൽ തകർന്നത്.
റോഡിന്‍റെ നെടുകെ ആഴത്തിൽ കീറിയ നിലയിലും റോഡ് അരികുകളിലെ ടാറിംഗ് തെന്നി നീങ്ങിയ നിലയിലും ആണ് ഉള്ളത്.
റോഡ് ടാറിങ് ചെയ്യുന്ന സമയത്ത് തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ അപാകതകൾ ചൂണ്ടിക്കാണിച്ചെങ്കിലും
അതെല്ലാം ചെവി കൊള്ളാതെയാണ് കരാറുകാർ പ്രവർത്തി പൂർത്തീകരിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. നിലവിൽ റോഡ് വിള്ളൽ വന്ന് തകർന്ന ഭാഗങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് എളുപ്പ മാർഗ്ഗമാണ് കോഴിക്കോട് - ഊട്ടി ഹ്രസ്വദൂരപ്പാത. അതുകൊണ്ടുതന്നെ
ആറ് കോടി രൂപയോളം ചിലവഴിച്ച് നവീകരിച്ച റോഡ് ഈ നിലയിൽ തകരാൻ കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.