കോഴിക്കോട്: നഗരമധ്യത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്ന പ്രദേശത്ത് ജൈവ പച്ചക്കറി വിളയിച്ച് വിജയം കൊയ്യുകയാണ് തിരുവണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ വെജ് കർഷക സംഘം. നഗരത്തിൽ മിഠായിത്തെരുവിനോട് ചേർന്ന് തരിശായി കിടന്ന ഷബേദ്രി റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 30 സെന്‍റ് സ്ഥലത്താണ് ഗ്രീൻ വെജ് കർഷക സംഘം പച്ചക്കറി തോട്ടമൊരുക്കി നൂറ് മേനി കൊയ്തെടുത്തത്.
തരിശു ഭൂമി മാലിന്യക്കൂമ്പാരമായി; ഇപ്പോൾ നൂറ് മേനി വിളയിച്ച് കർഷക കൂട്ടായ്മ - കോഴിക്കോട്
തരിശായി കിടന്ന ഭൂമി മൂന്ന് മാസം മുമ്പ് വരെ മാലിന്യ കൂമ്പാരമായിരുന്നു. ഗ്രീൻ വെജ് കർഷക സംഘമാണ് പച്ചക്കറി തോട്ടമൊരുക്കി നൂറ് മേനി കൊയ്തെടുത്തത്.
തക്കാളി, വഴുതന, കോളിഫ്ലവർ, ചീര തുടങ്ങിയവയാണ് മാലിന്യക്കൂമ്പാരമായി കിടന്ന സ്ഥലത്ത് ഇവർ വിളയിച്ചെടുത്തത്. ജില്ലയുടെ പ്രധാന വ്യാപാര കേന്ദ്രത്തോട് ചേർന്ന് തരിശായി കിടന്ന ഭൂമി മൂന്ന് മാസം മുമ്പ് വരെ മാലിന്യ കൂമ്പാരമായിരുന്നു. സാമൂഹ്യ വിരുദ്ധരുടെ ശല്യം വേറെയും. ഭൂമി വ്യത്തിയാക്കുന്നതോടൊപ്പം കൃഷി ചെയ്യാമെന്ന ആശയം തോന്നിയതോടെ കമ്പനി ഡയറക്‌ടർ യൂനസ് ഗ്രീൻ വെജ് കർഷക സംഘത്തെ സമീപിക്കുകയായിരുന്നു. സ്ഥലം കണ്ട് അമ്പരന്നെങ്കിലും പച്ചക്കറി വിളയിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ വിത്തിറക്കുകയായിരുന്നുവെന്ന് ഗ്രീൻ വെജ് കർഷക സംഘം ജനറൽ സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂർ പറഞ്ഞു.
വാഴക്കാട് ദാറുൽ ഉലം അറബിക്ക് കോളജ് വിദ്യാർഥികളുടെ സഹകരണത്തോടെയാണ് ഗ്രീൻ വെജ് കർഷക സംഘം പച്ചക്കറികളുടെ വിളവെടുപ്പ് നടത്തിയത്. ജില്ലയിലെ തരിശ് ഭൂമിയിലെവിടെയും പച്ചക്കറി തോട്ടം ഒരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഏഴ് പേരടങ്ങുന്ന ഗ്രീൻ വെജ് സംഘം പറയുന്നു.