പാലാ പോലെ മുന്നണി മാറ്റ രാഷ്ട്രീയം കൊണ്ട് ഇത്തവണ ശ്രദ്ധ നേടിയ മലബാറിലെ മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമായിരുന്ന ലോക്‌താന്ത്രിക് ജനതാദള്‍ ഇത്തവണ ഇടതുമുന്നണിയിലെത്തി. പക്ഷേ സിറ്റിങ് സീറ്റ് വിട്ടുനല്‍കില്ലെന്ന് ജെഡിഎസും സീറ്റ് വേണമെന്ന് എല്‍ജെഡിയും നിലപാട് വ്യക്തമാക്കിയതോടെ എല്‍ഡിഎഫിന്‍റെ സ്ഥാനാർഥി ആരെന്നറിയാൻ കാത്തിരിക്കണം. ഇതിനിടെ 2016ല്‍ ഒറ്റക്ക് മത്സരിച്ച് മൂന്നാമതെത്തിയ ആര്‍.എം.പി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ മണ്ഡലം നേരിടുന്നത് മാറ്റങ്ങളുടെ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. കഴിഞ്ഞ തവണ ആര്‍.എം.പിക്കും പിന്നില്‍ ഫിനിഷ് ചെയ്ത ബിജെപി ഇത്തവണ വോട്ടുയര്‍ത്താനുള്ള ശ്രമത്തിലാണ്.
മണ്ഡല ചരിത്രം
വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് വടകര മണ്ഡലം. 2008ലെ നിയമസഭ പുനര്‍നിര്‍ണയത്തിന് മുമ്പ് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മണ്ഡലത്തിന്‍റെ ഭാഗമായിരുന്നു. 1957 ലെ തെരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ മാത്രം ജയിപ്പിച്ച മണ്ഡലമാണ് വടകര. ആകെ 1,57,888 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 75,162 പേര്‍ പുരുഷന്മാരും 82,725 സ്ത്രീകളുമാണ്.
മണ്ഡല രാഷ്ട്രീയം
ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ എം.കെ കേളു പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കൃഷ്ണനെ തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്. എന്നാല്‍ തോല്‍വിക്ക് പിന്നാലെ രണ്ടാം അങ്കത്തിനിറങ്ങിയ കൃഷ്ണന്‍ 1960 മുതല്‍ 1970 വരെയുള്ള നാല് തവണ നിയമസഭയിലെത്തി. 1977 മുതല്‍ ജനതാദളിന്‍റെ കെ ചന്ദ്രശേഖരനും തുടര്‍ജയങ്ങളോടെ മണ്ഡലം കയ്യടക്കി വെച്ചു. 1980ല്‍ സിപിഎമ്മിന്‍റെ പി.വി കുഞ്ഞിരാമനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ ചന്ദ്രശേഖരന്‍ 1982 മുതല്‍ മൂന്ന് തവണ ജയം കണ്ടു. 1996ല്‍ ജനതാദളിന്‍റെ സി.കെ നാണു സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിന്‍റെ സി വല്‍സലനായിരുന്നു എതിരാളി. 2001 ലും സി.കെ നാണുവിനെ ഇറക്കി എല്‍ഡിഎഫ് വിജയം തുടര്‍ന്നു. 2006ല്‍ കോണ്‍ഗ്രസിന്‍റെ പൊന്നാരത്ത് ബാലകൃഷ്ണനെ 21269 വോട്ടിന് തോല്‍പ്പിച്ച് ജനതാദളിന്‍റെ എം.കെ പ്രേംനാഥ് നിയമസഭയിലെത്തി.
നിയമസഭ തെരഞ്ഞെടുപ്പ് 2011
2009ല്‍ വീരേന്ദ്ര കുമാര്‍ വിഭാഗം ജനതാദള്‍ എസ് പിളര്‍ത്തി എല്‍ഡിഎഫ് വിട്ടു. എന്നിട്ടും മുന്നണിക്കൊപ്പം നിന്ന ഔദ്യോഗിക വിഭാഗത്തിന് 2011ലെ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വടകര സീറ്റ് നല്‍കി. സി.കെ നാണു യുഡിഎഫിനായി മത്സരിച്ച വീരേന്ദ്ര കുമാറിന്‍റെ സോഷ്യലിസ്റ്റ് ജനതാദള്‍ സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ എം.കെ പ്രേംനാഥിനെ അട്ടിമറിച്ചു. 847 വോട്ടിനായിരുന്നു നാണുവിന്‍റെ ജയം. പിളര്‍പ്പിനെ പിന്നാലെ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഇരു വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടിയ കേരളത്തിലെ ഏക മണ്ഡലമായി വടകര മാറി.