കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട് കോഴിക്കോട്:പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍റെ പരാമർശം കേരള സമൂഹത്തിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ (V. Muraleedharan on Saji Cherian's remarks against bishops). അസഭ്യം പറഞ്ഞ് പിണറായി വിജയനെ പ്രീതിപ്പെടുത്തി മെച്ചപ്പെട്ട വകുപ്പ് നേടാനാണോ സജി ചെറിയാന്‍റെ ശ്രമമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ മൗനം സഭയോടുള്ള സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കുന്നതാണെന്നും വി മുരളീധരൻ കോഴിക്കോട് പറഞ്ഞു.
പിണറായി വിജയൻ മന്ത്രിസഭയിൽ ഗുണ്ടായിസം കാണിക്കുന്നവർക്കാണ് അംഗീകാരം എന്നതാണ് അവസ്ഥ. സജി ചെറിയാന്‍റെ ചരിത്രം എല്ലാവർക്കും അറിയാം. പഴയ ആർഷോയാണ് പുതിയ സജി ചെറിയാനെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
സകല അരമനയും കയറി നിരങ്ങുന്ന വ്യക്തിയാണ് സജി ചെറിയാൻ. അദ്ദേഹമാണ് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിരുന്നിൽ പങ്കെടുത്തവരെ പരിഹസിക്കുന്നത്. "എന്ത് പ്രഹസനമാണ് സജി" എന്ന് മാത്രമേ ചോദിക്കാനുള്ളൂ എന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
മണിപ്പൂർ കലാപത്തിലെ സഭയുടെ നിലപാടില്‍ പുരോഹിതർ തന്നെ വ്യക്തത വരുത്തിയതാണ്. അതിലും വലിയ വിശദീകരണം പിണറായി വിജയനോ വി ഡി സതീശനോ നൽകേണ്ടതില്ല എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ക്രിസ്‌മസ് ദിനത്തില്‍ ക്രൈസ്‌തവ സഭ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ ആയിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമർശം (Saji Cherian's remarks against bishops). പുന്നപ്ര വടക്ക് സി പി എം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി എന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ അവർ മണിപ്പൂർ വിഷയം മറന്നുവെന്നും മന്ത്രി വിമർശിച്ചിരുന്നു. പോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ലെന്ന് പറഞ്ഞ മന്ത്രി അവർക്ക് അതൊരു വിഷയമായില്ലെന്നും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയത്.
അതേസമയം വന്ദേഭാരതിലൂടെ കേരളത്തിൽ വേഗതയേറിയ ട്രെയിൻ സർവീസ് സാധിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം മുൻപേ വ്യക്തമാക്കിയതാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് ഒരു പുതിയ റെയിലും കേന്ദ്രം കൊണ്ടുവരില്ല. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന റെയിൽവെയുടെ നിലപാടിൽ അത്ഭുതപ്പെടാനില്ലെന്നും വി മുരളീധരൻ പറഞ്ഞു.