കേരളം

kerala

ETV Bharat / state

താമരശ്ശേരി ചുരത്തിലെ യൂസര്‍ ഫീ ഈടാക്കല്‍; ഭരണസമിതിയുടെ തീരുമാനത്തിന് കലക്‌ടറുടെ സ്റ്റേ - live news updates

താമരശ്ശേരി ചുരത്തിലെ യൂസര്‍ ഫീ ഈടാക്കല്‍ നിര്‍ത്തി വച്ചു. കലക്‌ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനം. പഞ്ചായത്ത് നടപടിക്കെതിരെ പ്രതിഷേധം ശക്തം. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത്. തീരുമാനം ചട്ടവിരുദ്ധമാണെന്ന് ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

Churam fee issue  താമരശ്ശേരി ചുരത്തിലെ യൂസര്‍ ഫീ ഈടാക്കല്‍  ഭരണസമിതിയുടെ തീരുമാനത്തിന് കലക്‌ടറുടെ സ്റ്റേ  താമരശ്ശേരി ചുരത്തിലെ യൂസര്‍ ഫീ  പ്രതിഷേധം ശക്തം  യൂസര്‍ ഫീ  പുതുപ്പാടി  അഴകോടെ ചുരം  സീറോ വേസ്റ്റ് ചുരം  kerala news updates  latest news in kerala  news updates  live news updates  Thamarassery pass
താമരശ്ശേരി ചുരത്തിലെ യൂസര്‍ ഫീ ഈടാക്കല്‍ നിര്‍ത്തി വച്ചു

By

Published : Feb 2, 2023, 5:31 PM IST

താമരശ്ശേരി ചുരത്തിലെ യൂസര്‍ ഫീ ഈടാക്കല്‍ നിര്‍ത്തി വച്ചു

കോഴിക്കോട്:താമരശ്ശേരി ചുരത്തിലെത്തുന്ന യാത്രക്കാരില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കാനുള്ള തീരുമാനം താത്‌ക്കാലികമായി നിര്‍ത്തി വച്ചു. ജില്ല ഭരണക്കൂടത്തിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി. യൂസര്‍ ഫീ വാങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ നടപടി. ചുരം വ്യൂ പോയിന്‍റായ 2,4 വളവുകള്‍, വ്യൂ പോയിന്‍റ് താഴ്‌ഭാഗം എന്നിവിടങ്ങളിലെത്തുന്നവരില്‍ നിന്ന് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫീസായി 20 രൂപ വാങ്ങാനായിരുന്നു പഞ്ചായത്തിന്‍റെ തീരുമാനം.

ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിലും 'അഴകോടെ ചുരം, സീറോ വേസ്റ്റ് ചുരം' പദ്ധതിയുടെ റിവ്യൂ യോഗത്തിലുമാണ് യൂസർ ഫീ ഈടാക്കാൻ തീരുമാനിച്ചത്. എന്നാൽ താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികളില്‍ നിന്ന് യൂസർ ഫീ വാങ്ങാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി നീക്കത്തിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്ത് എത്തിയിരുന്നു. മറ്റുള്ള ചുരങ്ങളിലോ ദേശീയപാതകളിലോ ഇത്തരത്തിൽ തദ്ദേശ സ്ഥാപനങ്ങൾ യൂസർ ഫീ ഈടാക്കുന്നില്ലെന്നും ഇത് പിൻവലിക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ഇന്നലെ രാവിലെ അഞ്ച് പേരെയായിരുന്നു യാത്രകാരില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കാനായി ഹരിത കര്‍മ്മ സേന ചുരത്തില്‍ നിയമിച്ചത്. ഫീ ഈടാക്കുന്ന നടപടിയില്‍ യുവജന സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും യാത്രക്കാരും പ്രതിഷേധവുമായെത്തിയതോടെ യൂസര്‍ ഫീ ഈടാക്കുന്നത് താത്കാലികമായി നിര്‍ത്തി വയ്‌ക്കാന്‍ കലക്‌ടര്‍ ഉത്തരവിട്ടു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.

നോ പാർക്കിങ് കര്‍ശനമാക്കിയ സ്ഥലങ്ങളിലാണ് യൂസർ ഫീ ഈടാക്കുന്നത്. ഗതാഗത കുരുക്ക് കാരണം നട്ടം തിരിയുന്ന താമരശ്ശേരി ചുരത്തിൽ വാഹന പാർക്കിങ്ങിന് അനുവാദം നല്‍കുന്നത് ഗതാഗത കുരുക്ക് വീണ്ടും രൂക്ഷമാക്കാൻ ഇടയാക്കുമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പഞ്ചായത്തിന്‍റെ വിശദീകരണം:പുതുപ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ കീഴിലുള്ള 24 ഹരിത കർമ്മ സേന അംഗങ്ങളിൽ നിന്ന് ദിവസം നാല് പേരെ വീതം ചുരത്തിൽ ഗാർഡുമാരായി നിർത്തി ചുരം ശുചീകരണം നടത്താനാണ് നിലവില്‍ ഗ്രാമപഞ്ചായത്തിന്‍റെ തീരുമാനം. ചുരത്തിൽ ഗാർഡുമാരെ നിയമിക്കുന്നതിന് സർക്കാരിൽ നിന്ന് അംഗീകാരം ലഭിക്കുന്നത് വരെ ഹരിത കർമ്മ സേന അംഗങ്ങളെ നിയമിക്കാനായിരുന്നു പുതുപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ നീക്കം. ഇവരുടെ പ്രവർത്തനങ്ങൾക്കും മാലിന്യ സംസ്‌കരണത്തിനുമുള്ള യൂസർ ഫീയായാണ് ചുരത്തിലെത്തുന്ന വാഹനങ്ങളിൽ നിന്ന് 20 രൂപ വാങ്ങാൻ തീരുമാനിച്ചതെന്നാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം.

ഇത് ഒരിക്കലും പാർക്കിങ് ഫീസോ, ചുരം സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള യൂസർ ഫീയോ, ചുരത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള യൂസർ ഫീയോ അല്ലെന്നുമാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ പറയുന്നത്. അതേസമയം ചുരത്തിലെത്തുന്ന വാഹനങ്ങളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കുന്നത് താത്‌കാലികമായി നിര്‍ത്തി വച്ച സംഭവത്തില്‍ നിലവില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

ചുരത്തിലെത്തുന്ന വാഹനങ്ങളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കുന്നത് ചട്ട വിരുദ്ധമായതിനാല്‍ നടപടിയില്‍ നിന്ന് പിന്മാറണമെന്ന് കോഴിക്കോട് ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വിനയരാജ് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ജില്ല കലക്‌ടറുമായി പഞ്ചായത്ത് പ്രസിഡന്‍റ് ബീന തങ്കച്ചന്‍ വിഷയം ചര്‍ച്ചകള്‍ ചെയ്യുകയാണ്.

ABOUT THE AUTHOR

...view details