കോഴിക്കോട് : അജ്ഞാത ശബ്‌ദം കേള്‍ക്കുന്ന പോലൂരിലെ വീട്ടില്‍ ഫയർ ഫോഴ്‌സും ജിയോളജി വകുപ്പും നടത്തുന്ന പരിശോധന തുടരുന്നു. സെപ്‌റ്റംബര്‍ 27നാണ് ഇരുവകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന ആരംഭിച്ചത്. പറമ്പിൽ ബസാറിന് സമീപം തെക്കേമാറാത്ത് ബിജുവിന്‍റെ വീട്ടിലാണ് സംഭവം.
രണ്ടാഴ്‌ചയായി രാത്രിയും പകലും ഇടവിട്ട് 'ഠും ഠും' എന്ന മട്ടിലാണ് മുഴക്കം കേള്‍ക്കുന്നത്. ശബ്‌ദം കേള്‍ക്കുന്ന സമയത്ത് തറയില്‍ വെച്ച പാത്രത്തിൽ നിന്നും വെള്ളം തുളുമ്പി പോവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 5 വർഷമായി ബിജുവും കുടുംബവും ഇവിടെ താമസിക്കുന്നു. എന്നാല്‍, ഇക്കാലയളവില്‍ സമാനമായ സംഭവമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.