കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയെ വീർപ്പുമുട്ടിച്ച് രാഷ്ട്രീയ ഇടപെടലും യൂണിയൻ അതിപ്രസരവും. ഉയർന്ന ഉദ്യോഗസ്ഥരെയും സൂപ്രണ്ടിനെയും നോക്കുകുത്തിയാക്കി യൂണിയൻ നേതാക്കളും താഴെക്കിടയിലുള്ള രാഷ്ട്രീയക്കാരും യഥേഷ്‌ടം കാര്യങ്ങൾ നീക്കുകയാണെന്ന ആക്ഷേപം ഇതിനോടകം ശക്തമായിക്കഴിഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ മെഡിക്കൽ കോളജിലാണ് ഈ അവസ്ഥ.
ഇടത് വലത് യൂണിയനുകളാണ് പല പ്രശ്‌നങ്ങളും രൂക്ഷമാക്കുന്നത്. ഇത് ചോദ്യം ചെയ്യാനോ ഇടപെടാനോ സൂപ്രണ്ട് അടക്കമുള്ളവർ ഇറങ്ങിത്തിരിച്ചാൽ അവർക്കെതിരെ പ്രക്ഷോഭം നടത്തുന്നതാണ് ഇവിടുത്തെ സ്ഥിരം രീതി. എന്തെങ്കിലും നടപടി എടുത്താൽ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കി ചാടിക്കാനും യൂണിയനുകാർ മടിക്കില്ല. പ്രത്യേകിച്ച് പദവി ഒന്നുമില്ലാത്ത ഏറ്റവും താഴേക്കിടയിലുള്ള, നേതാക്കൾ എന്ന് സ്വയം കരുതുന്നവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാര്യങ്ങൾ തീരുമാനിക്കുന്നത്.
അതിക്രമത്തിനും ചൂട്ടുപിടിച്ച്:യൂണിയൻ അതിപ്രസരത്തിന്‍റെഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രോഗിയെ പീഡിപ്പിച്ച അറ്റൻഡർക്കെതിരെ നടപടി എടുത്തപ്പോൾ കണ്ടത്. പ്രതിയെ രക്ഷപ്പെടുത്താൻ യൂണിയൻ അംഗങ്ങൾ ഒന്നടങ്കം രംഗത്തിറങ്ങി. പരാതി പിൻവലിക്കാൻ പരാതിക്കാരിയായ സ്ത്രീക്ക് മേൽ സമ്മർദം ചെലുത്തി. ഇതിനെതിരെ ശബ്‌ദമുയർത്തിയ മറ്റൊരു സ്‌റ്റാഫിനെ ഒറ്റപ്പെടുത്താനും എൻജിഒ, ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ കച്ചകെട്ടി ഇറങ്ങി.
സൂപ്രണ്ടിനു പോലും ഒരു നടപടിയെടുക്കാനോ മിണ്ടാനോ പറ്റാത്ത അവസ്ഥയാണ് മെഡിക്കൽ കോളജിൽ നിലവിലുള്ളത്. ഡോക്ടർമാരുടെ ഇടപെടലുകളിലൂടെയാണ് പല കേസുകളിലും പരാതി വരുന്നതും പൊലീസ് ഇടപെടുന്നതും. അതിനിടെ പീഡനത്തിനിരയായ യുവതിയുടെ മൊഴിമാറ്റാൻ ശ്രമിച്ച കേസിലെ പ്രതികളെ ഇതുവരെയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. തുടർച്ചയായ ദിവസങ്ങളിൽ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം.