കോഴിക്കോട്: പ്രതീക്ഷിച്ചതിൽ നിന്ന് വലിയ മാറ്റമൊന്നും സംഭവിച്ചില്ല, ഏകീകൃത സിവിൽ കോഡ് പ്രതിഷേധ സെമിനാറിൽ സിപിഎമ്മിന് ഒപ്പമിരിക്കാൻ മുസ്‌ലിം ലീഗ് ഇല്ല. സിപിഎം ഒരുക്കുന്നത് ഒരു കെണിയാണെന്ന തീരുമാനത്തിൽ ലീഗ് എത്തിച്ചേർന്നു. അല്ലെങ്കിൽ, അങ്ങനെ പറഞ്ഞെങ്കിലും ആ ക്ഷണത്തെ നിരസിക്കാന്‍ നേതൃത്വം അവസാനം തയ്യാറായെന്നാണ് വിവരം. എന്നാല്‍, യുഡിഎഫിലെ മറ്റ് ഘടക കക്ഷികളെ ക്ഷണിക്കാത്ത സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലാണ് എത്തിച്ചേര്‍ന്നതെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിശദീകരണം.
വലിയ വിഭാഗം നേതാക്കളുടെ അതൃപ്‌തി കണക്കിലെടുത്ത് 'കോണി' തത്‌കാലം മാറ്റി ചാരുന്നില്ല. ഡൽഹിയിൽ എത്തിയാൽ പ്രതിഷേധത്തിന് ശക്തി കിട്ടുക കോൺഗ്രസിൻ്റെ തണലിലായിരിക്കും എന്ന കണ്ടെത്തലാണ് ഇതിൽ മുഖ്യം. ഏക സിവിൽ കോഡിലൂടെ സിപിഎം ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വോട്ടിൻ്റെ അരക്കിട്ടുറപ്പിക്കലാണെന്ന് ലീഗിന് നേരത്തെ തന്നെ അറിയാം. എന്നാൽ, തങ്ങളുടെ പിന്നാലെ ഗോവിന്ദനും സംഘവും ഏതറ്റംവരെ വരുമെന്ന് നോക്കി നിൽക്കുകയായിരുന്നു ലീഗ് നേതൃത്വം.
'അറക്കൽ ബീവി'യെ സംബന്ധം ആലോചിച്ച സമയത്തുതന്നെ വേണ്ടായെന്ന് തീരുമാനമെടുക്കാൻ ലീഗിലെ ചില 'സഹോദരങ്ങൾക്ക്' മടിയായിരുന്നു. കെട്ടിയാൽ ഗുണം ഒരുപാടുണ്ടെന്ന് സിപിഎം നേരത്തെ മനസിലാക്കിയപ്പോൾ ഇത് ഒത്തുപോകില്ല എന്ന് മനസിലാക്കാൻ ലീഗിന് സമയം എടുക്കേണ്ടി വന്നു. എന്നാൽ, ഇരു കുടുംബങ്ങളിലേയും ചിലർക്കെങ്കിലും അങ്ങോട്ടുമിങ്ങോട്ടും മുഹബത്ത് ഉണ്ടായതാണ് കാര്യങ്ങൾ ഇവിടെ വരെ നീട്ടിവലിച്ചത്.
സമസ്‌തയിലെ സിപിഎം വിരുദ്ധരെ ഒപ്പം കൂട്ടാന്‍ ലീഗ്:കോഴിക്കോട് നടക്കുന്ന സിപിഎം സെമിനാറിൽ സമസ്‌ത പങ്കെടുക്കാമെന്ന് തീരുമാനിച്ചതും ലീഗിനെ മാറ്റി ചിന്തിക്കാൻ കൂടുതൽ പ്രേരിപ്പിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി വിഷയത്തിൽ ലീഗിനെ കുറച്ചൊന്നുമല്ല സമസ്‌ത വട്ടം കറക്കിയത്. അന്ന് എല്ലാ മതസംഘടനകളും നേരിട്ട് അവിടെയെത്തിയപ്പോള്‍ ലീഗിനേറ്റ ക്ഷതം ചെറുതൊന്നുമായിരുന്നില്ല. അതിനുള്ള ഒരു മധുര പ്രതികാരം കൂടിയാണ് ലീഗിൻ്റെ ഈ തീരുമാനം. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ തങ്ങൾക്കും ചില തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയും എന്ന മറുപടി കൂടിയാണത്. സിപിഎം വിരുദ്ധരായ സമസ്‌ത അണികളെ തങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനും ഈ തീരുമാനത്തിലൂടെ കഴിഞ്ഞുവെന്ന് ലീഗ് നേതൃത്വം വിശ്വസിക്കുന്നു.