കോഴിക്കോട്: കോൺഗ്രസ് ദേശീയ അധ്യക്ഷനാവാൻ രണ്ടുപേർ മത്സരിച്ചത് ഓർമയുണ്ടല്ലോ?. അതിനോട് ചേർത്ത് വായിക്കേണ്ടതാണ് താഴെ പറയുന്നത്. പ്രസിഡന്‍റായത് മല്ലികാർജുൻ ഖാർഗെ, പ്രസിദ്ധനായത് ശശി തരൂരും. പോരാട്ടം കഴിയുമ്പോൾ തരൂർ 'ശശി'യാകും എന്നുകരുതിയ കോൺഗ്രസിലെ വാഴ്ത്തുപാട്ടുകാർക്ക് (ഗാന്ധി കുടുംബത്തിൻ്റെ ആജ്ഞാനുവർത്തികൾ) തെറ്റി. അത് വോട്ടിൻ്റെ എണ്ണം കണ്ടിട്ടല്ല. തരൂരിനെ മനസുകൊണ്ട് പ്രസിഡന്‍റായി വാഴ്ത്തിയ യുവജന ആർജവം കണ്ടിട്ടാണ്.
ചൊടിപ്പിച്ചത് തരൂരിന്‍റെ 'പ്ലേറ്റ് മാറ്റല്‍': അധ്യക്ഷ തെരഞ്ഞെടുപ്പിന് കിട്ടിയ മൈലേജ് അതിൻ്റെ അലയൊലികൾ അടങ്ങും മുന്‍പേ ഉപയോഗപ്പെടുത്തുകയാണ് ശശി തരൂർ. ഒന്ന് മത്സരിച്ച് പോയതിൻ്റെ പേരിൽ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു തരൂർ. തെരഞ്ഞെടുപ്പ് നടന്ന ഹിമാചലിലും നടക്കാനിരിക്കുന്ന ഗുജറാത്തിലുമൊക്കെ എന്തെങ്കിലും പണിക്ക് അയക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ അതുണ്ടായില്ല എന്ന് മാത്രമല്ല, പ്രസ്ഥാനം തകർന്നാലും പ്രസ്ഥാവനയിറക്കുന്നവർ ജീവിച്ചിരുന്നാൽ മതി എന്ന നിലപാടുകാർ ഇപ്പോഴും തലപ്പത്ത് ശക്തരായി ഇരിപ്പുമാണ്. അവിടെയാണ് ശശി തരൂർ 'പ്ലേറ്റ്' മാറ്റിയത്. കേരളത്തിൽ അതിന് പറ്റിയ അന്തരീക്ഷവുമാണ്.
പറ്റിയ സമയം: നാക്ക് ദോഷം കൊണ്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ വെട്ടിലായ സമയമാണിത്. കേരളത്തിലെ കോൺഗ്രസിൽ ഇനി ഗ്രൂപ്പില്ല എന്ന് പറഞ്ഞ് നടന്നവർ ഗ്രൂപ്പിൻ്റെ പുതിയ സമവാക്യങ്ങൾ കണ്ട് തുടങ്ങിയിരിക്കുന്നു. 'ഒറ്റച്ചങ്കാണെന്ന്' പറഞ്ഞ് നടന്ന വിഡി സതീശനും സുധാകരനുമിടയിൽ ഒരു പാര കയറ്റിയവർക്ക് പക്ഷേ ഒന്ന് നിവർന്ന് നിൽക്കാനുള്ള ശേഷിയുമില്ല.
പിണറായിക്ക് തുടർഭരണം സമ്മാനിച്ചതിൻ്റെ ഹാങ്‌ഓവർ അവരെ കറക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങളാൽ റെസ്റ്റെടുത്ത ഉമ്മൻചാണ്ടിയും സംഘവും എല്ലാം നിരീക്ഷിച്ചിരിപ്പുമാണ്. പ്രത്യേകിച്ച് ഒന്നിനും നാഥനില്ലാത്ത അവസ്ഥയിലാണ്, ശശി തരൂർ വീണ്ടും രംഗപ്രവേശം ചെയ്‌തിരിക്കുന്നത്. അതും നേതാക്കളോടെല്ലാം പടവെട്ടി ജനങ്ങളുടെ സ്വന്തക്കാരനായി മാറിയ എംകെ രാഘവൻ എംപിയുടെ ആശീർവാദത്തോടെ.
വിവാദ നിറം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആരൊക്കെയോ ചേർന്ന് പാകമല്ലാതെ തുന്നിച്ചേർത്ത മുഖ്യമന്ത്രി കുപ്പായം ഇപ്പോൾ വീണ്ടും തരൂരിനെ അണിയിച്ചിരിക്കുന്നു. എന്നാൽ, കോഴിക്കോട്ട് അവതരിച്ച തരൂരിൻ്റെ പരിപാടികളിൽ പങ്കെടുക്കാൻ തയാറായി നിന്നവർക്ക് നേരെ പാർട്ടി സംസ്ഥാന നേതൃത്വം കണ്ണുരുട്ടിയതോടെ പരിപാടികളിൽ നിന്ന് കോൺഗ്രസ് ഘടകങ്ങൾ പിൻമാറി. ഇതോടെ അതിന് വിവാദത്തിൻ്റെ നിറം വന്നു. അതോടെ വാർത്തകളിൽ തരൂർ നിറഞ്ഞു, ഉദ്ദേശിച്ചത് പോലെയൊക്കെ തന്നെ..!. കണ്ണൂർ ഡിസിസിയും യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ല കമ്മിറ്റിയുമാണ് തരൂരിനെ മുഖ്യാതിഥിയായി നിശ്ചയിച്ച പരിപാടികൾ മാറ്റിവച്ചത്.
മാറ്റം സൂചിപ്പിക്കുന്നതെന്ത്..?:'മതനിരപേക്ഷതയും സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയും’ എന്ന വിഷയത്തിൽ കോഴിക്കോട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി തരൂരിനെ മുഖ്യാതിഥി ആക്കിയായിരുന്നു പരിപാടി പ്ലാൻ ചെയ്‌തത്. എന്നാൽ, പരിപാടി മാറ്റിവച്ചതായി യൂത്ത് കോൺഗ്രസ് അറിയിക്കുകയായിരുന്നു. നവംബര്‍ 23ന് കണ്ണൂർ ഡിസിസി നടത്തുന്ന സെമിനാറിലും തരൂർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. ഡിസിസിയ്‌ക്ക് പകരം ഇതേ പരിപാടി കണ്ണൂർ ജവഹർ ലൈബ്രറി സംഘടിപ്പിക്കുമെന്നാണ് പുതിയ അറിയിപ്പ്.