കണ്ടെയ്‌നർ ലോറികളുടെ അനധികൃത പാർക്കിങ് ദുരിതമാകുന്നു - കോഴിക്കോട്
വെങ്ങളം-രാമനാട്ടുകര ദേശീയപാതയിൽ പാർക്ക് ചെയ്യുന്ന അന്യസംസ്ഥാന ചരക്കുലോറികളിൽ നിന്ന് മാലിന്യങ്ങൾ തള്ളുന്നത് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
![കണ്ടെയ്‌നർ ലോറികളുടെ അനധികൃത പാർക്കിങ് ദുരിതമാകുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4725261-963-4725261-1570825548873.jpg)
കോഴിക്കോട്: വെങ്ങളം രാമനാട്ടുകര ദേശീയപാതയിൽ വിവിധയിടങ്ങളിൽ കണ്ടെയ്‌നർ ലോറികളും ചരക്ക് വാഹനങ്ങളും അനധികൃതമായി നിർത്തുന്നത് പതിവാകുന്നു. അനധികൃത പാർക്കിങ് പ്രദേശവാസികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാവുകയാണ്. ദേശീയപാതയുടെ ഇരുവശത്തുമുള്ള ഒഴിഞ്ഞ ഭാഗങ്ങളിലാണ് വാഹനങ്ങൾ നിർത്തുന്നത്. നാഷണൽ പെർമിറ്റ് ലോറികളിലെ തൊഴിലാളികൾ ഭക്ഷണാവശിഷ്‌ടങ്ങൾ റോഡിൽ വലിച്ചെറിയുന്നത് പതിവാണ്. റോഡിൽ പലയിടങ്ങളിലും മൂക്കുപൊത്തി നടന്നു പോകേണ്ട അവസ്ഥയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലം സാമൂഹിക വിരുദ്ധരുടെ താവളവും ആകുന്നുണ്ട്. പ്രദേശത്തെ ഹൈമാസ്റ്റ് വിളക്കുകൾ കത്താതെയായിട്ട് മാസങ്ങളായി. ലോറിയിലെ തൊഴിലാളികൾ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യുന്നതും ലോറിയുടെ മറവിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നതും വളരെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. രാത്രികാലങ്ങളിലാണ് ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്നും ഇതിനെതിരെ പരാതി നൽകിയിട്ടും ഇതുവരെ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഹൈവേ പൊലീസ് സ്ഥിരമായി പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന് ഇവർ പറയുന്നു. ദേശീയപാതയിൽ മൊകവൂർ ഭാഗത്തെ റോഡരികിലും പാലോറ മല ജങ്ഷനിൽ സമീപത്തെ സർവീസ് റോഡുലുമാണ് അന്യസംസ്ഥാന ചരക്കുലോറി സ്ഥിരമായി പാർക്ക് ചെയ്യുന്നത്.