കോഴിക്കോട്:കോഴിക്കോട് കോർപ്പറേഷനിലും താത്കാലിക നിയമനങ്ങൾ നടത്തുന്നത് സിപിഎം ജില്ല സെക്രട്ടറിയുടെ കത്ത് മുഖേനെയെന്ന് കോൺഗ്രസ്. എല്ലാം പ്രത്യക്ഷത്തിൽ കാണാനുണ്ട്. ജോലി കിട്ടാതെ മടങ്ങിപ്പോകുന്നവർ പങ്കു വയ്ക്കുന്നതും ഇതേ ആരോപണമാണ്. തിരുവനന്തപുരത്തെ വിവാദം കോഴിക്കോട് കോർപ്പറേഷനെ സംബന്ധിച്ച് ഒരു ജാഗ്രത മുന്നറിയിപ്പാണെന്നും യുഡിഎഫ് പ്രവർത്തക കെ സി ഷോബിത പ്രതികരിച്ചു.
ആരോപണവുമായി യുഡിഎഫ്, മറുപടിയുമായി മേയർ ശുചീകരണ തൊഴിലാളികളുടെ താത്കാലിക ഒഴിവുകളിലേക്കും സിപിഎം അനുഭാവികളെ നിയമിക്കാനുള്ള നീക്കമാണ് നടന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു. ഇന്‍റർവ്യു ബോർഡിൽ സിപിഎം പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയെന്നാണ് ആരോപണം. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ.
കോഴിക്കോട് കോർപ്പറേഷനിൽ ആരോഗ്യവിഭാഗത്തിലെ ശൂചീകരണത്തൊഴിലാളികളുടെ ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴിയാണ് അപേക്ഷ ക്ഷണിച്ചത്. 122 ഒഴിവുകളിലേക്കായി ആയിരത്തോളം പേരെ അഭിമുഖത്തിനായി ക്ഷണിച്ചു. ആരോഗ്യ വിഭാഗം സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷയുടെ നേതൃത്വത്തിലുള്ള ഇന്‍റർവ്യു ബോർഡിൽ പ്രതിപക്ഷത്ത് നിന്നാരെയും ഉൾപ്പെടുത്തിയില്ലെന്നാണ് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നത്. സിപിഎം പ്രവർത്തകരെ നിയമിക്കാനുള്ള നീക്കമാണിതെന്നും ഷോബിത കൂട്ടിച്ചേർത്തു.
എന്നാൽ ഭൂരിപക്ഷമുള്ള ഒരു പാർട്ടിയാണ് സിപിഎം എന്നും പാവപ്പെട്ട കുറെ ആളുകൾ പാർട്ടിക്കകത്ത് ഉണ്ടായിപ്പോയത് ഞങ്ങളുടെ കുറ്റമാണോ എന്നുമായിരുന്നു മേയറുടെ മറു ചോദ്യം. എല്ലില്ലാത്ത നാവുകൊണ്ട് ആർക്കും ആരോപണം ഉന്നയിക്കാം. അഭിമുഖത്തിന് വന്നവരോട് നിങ്ങൾ കത്തും കൊണ്ടാണോ വന്നത് എന്ന് ഞങ്ങൾ ചോദിച്ചിട്ടില്ലെന്നും മേയർ ഡോ. ബീന ഫിലിപ്പ് പ്രതികരിച്ചു.