കോഴിക്കോട്: രാഷ്ട്രീയ പിൻബലത്തിൻ്റെ ആവേശത്തിൽ എന്തും വിളിച്ച് പറഞ്ഞാൽ അത് സമസ്തയിൽ വിലപ്പോകില്ലെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. സമസ്തയിൽ വിള്ളലുണ്ടാക്കാൻ ആരും ശ്രമിക്കേണ്ടെന്നും ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗ് രാഷ്ട്രീയ തീരുമാനം മാത്രം എടുത്താല്‍ മതി
സമസ്തയ്ക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല, അതേ സമയം സമസ്തയിലെ അംഗങ്ങൾക്ക് ഇസ്ലാമിക വിരുദ്ധമല്ലാത്ത രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുന്നതിലും തടസമില്ല. ഇസ്ലാമിൻ്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സമസ്തയാണ്. അതിൽ മുസ്ലീംലീഗ് ഇടപെടേണ്ടതില്ല.
രാഷ്ട്രീയ വിഷയങ്ങളിൽ തീരുമാനം എടുക്കാൻ മാത്രമേ മുസ്ലിം ലീഗിന് അധികാരമുള്ളൂ. എന്നാൽ മുസ്ലിങ്ങളുടെ വിഷയമായതുകൊണ്ട് തന്നെ ലീഗിൻ്റെ നടപടികളെ ചോദ്യം ചെയ്യാനും വിമർശിക്കാനുമുള്ള അധികാരം സമസ്തക്കുണ്ടെന്നും ഉമർ ഫൈസി പറഞ്ഞു.
Also Read: സിപിഎമ്മിൽ ചേരുന്ന വിശ്വാസികളെ കാലക്രമേണ അവര്‍ മത നിഷേധികളാക്കും : ഹമീദ് ഫൈസി അമ്പലക്കടവ്
വഖഫ് നിയമനത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പള്ളികളിലൂടെ ആഹ്വാനം ചെയ്യാനുള്ള മുസ്ലിംലീഗ് തീരുമാനത്തെ സമസ്ത എതിർത്തത് വലിയൊരു കലാപം ഒഴിവാക്കി. ലീഗ് തീരുമാനത്തിൽ സിപിഎം ഇടപെട്ടതും ഒരു കുഴപ്പം ഉണ്ടാക്കാൻ വേണ്ടിയാണ്. എന്നാൽ സമസ്തയുടെ അവസരോജിതമായ ഇടപെടൽ ഫലം കണ്ടു.
മുസ്ലിങ്ങളുടെ നല്ല ഉദ്ദേശ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളത്. ആ സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുത്തത് കൊണ്ട് സമസ്തയെ മുഴുവൻ ഇടതായി മുദ്ര കുത്തേണ്ട ആവശ്യവുമില്ല. വിഷയത്തോട് നോക്കിയാണ് പ്രതികരിക്കേണ്ടത്. വിവരമില്ലാത്തവർ പ്രചരിപ്പിക്കുന്നതിന് മറുപടിയില്ല.
സമസ്തയിൽ കുഴപ്പമുണ്ടാക്കലാണ് ജമാഅത്തെ ഇസ്ലാമിയുടെ താൽപര്യം
സമസ്തയിൽ കുഴപ്പമുണ്ടാക്കലാണ് ജമാഅത്തെ ഇസ്ലാമിയുടെ താൽപര്യം. അവർ ഒരു വർഗ്ഗീയ സംഘടനയാണ്, കൂട്ടുചേരാൻ പറ്റില്ല. ഇസ്ലാമിക ഭരണമേ ഇന്ത്യയിൽ പറ്റൂ എന്ന ജമാഅത്തെകളുടെ നയത്തെ അംഗീകരിക്കാൻ കഴിയില്ല. അവരെ കൂട്ടുപിടിക്കുന്ന ചിലർ വോട്ടിന് വേണ്ടി സമുദായത്തിൻ്റെ കെട്ടുറുപ്പ് തകർക്കാൻ ശ്രമിക്കുകയാണ്.
അവരുടെ ചൊറിച്ചിലാണ് ഇടക്കാലത്ത് പ്രകടമായത്. അത് സമസ്തയ്ക്ക് നേരെ വേണ്ടെന്നും ലീഗിനുള്ള പരോക്ഷ മറുപടിയായി ഉമർ ഫൈസി മുക്കം പറഞ്ഞു.
വഖഫ് സ്വത്ത് സംരക്ഷണത്തില്‍ ശക്തമായി ഇടപെടുമെന്ന് പിണറായി സര്‍ക്കാര്‍ ഉറപ്പ് നല്‍കി
വഖഫ് സ്വത്തുക്കളിൽ ആയിരക്കണക്കിന് ഏക്കർ സ്ഥലം നഷ്ടപ്പെട്ടു പോയി. പൊതു ആവശ്യത്തിന് നീക്കിവെച്ചത് നഷ്ടപ്പെടുന്നത് വലിയ വേദനയുണ്ടാക്കും. മാറിമാറി കേരളം ഭരിച്ചവർ ഈ കാര്യത്തിൽ അയഞ്ഞ പാടാണ് സ്വീകരിച്ചത്.