കോഴിക്കോട് :പ്രകൃതിക്കും മനുഷ്യര്‍ക്കും ഒരു പോലെ ചുട്ടുപൊള്ളുമ്പോള്‍ സഹജീവികളുടെ ദാഹമകറ്റുകയാണ് പെരുമണ്ണയിലെ ബാബി ടൈലേഴ്‌സ് ഉടമ യു.എം.വാസുദേവൻ. 55 വര്‍ഷമായി പ്രദേശത്ത് കട നടത്തുന്ന ഇദ്ദേഹത്തിന്‍റെ ഭക്ഷണവും ജലവും തേടി നിരവധി ജന്തുജാലങ്ങളാണ് ദിനം പ്രതി കടയ്ക്കുമുന്നില്‍ എത്തുന്നത്. തെരുവുനായകളോ, പൂച്ചകളോ, പക്ഷികളോ ആകട്ടെ, വാസുദേവന്‍റെ മുന്നിലെത്തിയാല്‍ ഭക്ഷണവും വെള്ളവും കിട്ടും.
തന്നെ തേടിയെത്തുന്ന അതിഥികള്‍ക്ക് കൊടുക്കാനായി കടയുടെ മുന്നിൽ വെള്ളം നിറച്ച ബക്കറ്റ് വര്‍ഷങ്ങളായി ഇദ്ദേഹം കരുതിയിട്ടുണ്ട്. നിറച്ചുവച്ച ബക്കറ്റില്‍ നിന്നും തെരുവ് നായ്ക്കളടക്കമുള്ളവ വെള്ളം കുടിക്കുന്നത് കണ്ടാൽ മനസ് നിറയുമെന്ന് അദ്ദേഹം പറയുന്നു. ഉച്ചയ്ക്ക് വീട്ടിൽ നിന്നെത്തിക്കുന്ന ഭക്ഷണത്തിൽ ഒരോഹരി അവയ്ക്കുള്ളതാണ്.
വേനല്‍പ്പൊള്ളിച്ചയില്‍ ജന്തുജാലങ്ങള്‍ക്ക് വാസുദേവന്‍റെ കുടിനീര്‍ കരുതല്‍ Also Read: ചൂടുകൊണ്ടൊരു രക്ഷയുമില്ല ; കുടിവെള്ളം തേടി നാട്ടിലിറങ്ങി കരടിക്കൂട്ടം - വീഡിയോ
സ്ഥിരമായെത്തുന്ന പൂച്ചകൾക്ക് ഈ കട അഭയകേന്ദ്രമാണ്. വാസുദേവന്‍റെ മനസ് കണ്ടറിഞ്ഞ സുഹൃത്ത് ഒ. രവീന്ദ്രനും സഹായത്തിനെത്തിയതോടെ പദ്ധതി വിപുലീകരിച്ചു. പെരുമണ്ണയുടെ പലഭാഗത്തായി പക്ഷികൾക്ക് വെള്ളം കുടിക്കാനുള്ള സൗകര്യം ഇരുവരും ചേര്‍ന്ന് ഒരുക്കി. ദിവസവും രാവിലെയും വൈകിട്ടും പക്ഷികൾക്കായി വിവിധയിടങ്ങളിൽ വെള്ളം നിറച്ചുവയ്ക്കുന്നത് വാസുദേവനാണ്. ഇത് അദ്ദേഹത്തിന്‍റെ ദിനചര്യയായിക്കഴിഞ്ഞു.
തെരുവുനായ ശല്യം രൂക്ഷമാണെന്ന് പരാതിയുയരുമ്പോഴും വാസുദേവനിതൊന്നും പ്രശ്നമായി തോന്നിയിട്ടില്ല. മനുഷ്യനും പക്ഷി മൃഗാദികൾക്കും വിശപ്പും ദാഹവും ഒരുപോലെയാണെന്ന വിശ്വാസം തനിക്കുണ്ടെന്ന് അദ്ദേഹം പറയുന്നു. ചുട്ടുപൊള്ളുന്ന വേനലില്‍ ദാഹജലവുമായി എത്തുന്ന വാസുദേവന്‍റെ വരവും നോക്കി നിരവധി ജന്തുജാലങ്ങളാണ് കാത്തിരിക്കുന്നത്.