കോഴിക്കോട്:കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തത്തിന് രണ്ടാണ്ട്. കൊവിഡ് പിടിമുറുക്കിയ സമയത്താണ് ജനങ്ങളെ ഞെട്ടിച്ചുള്ള ആ ദുരന്തം. 2020 ഓഗസ്റ്റ് 7ന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്തം പറന്നിറങ്ങിയത്. 21 പേര്‍ മരിച്ച അപകടത്തില്‍ 165 പേർക്ക് പരിക്കേറ്റിരുന്നു.
ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കനത്ത മഴയിൽ റൺവെ കാണാതെ രണ്ട് വട്ടം ലാൻഡ് ചെയ്യാതെ പറന്നുയർന്നു. വിമാനം പിന്നീട് ലാൻഡ് ചെയ്തത് സാധാരണ ലാൻഡ് ചെയ്യാൻ ഉപയോഗിക്കാത്ത പത്താമത്തെ റൺവേയിൽ. തെന്നിമാറിയ വിമാനം ചതുപ്പ് നിലവും കടന്ന് 35 മീറ്ററോളം താഴേക്ക് വീണ് 3 കഷ്ണമായി പിളര്‍ന്നു.
വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ തകർത്ത് വിമാനത്തിന്‍റെ മുൻഭാഗം പുറത്തേക്കെത്തിയിരുന്നു. വിമാനത്തിന്‍റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരടക്കം 21 പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ പാലേരി സ്വദേശി കെ. എം അഷ്റഫ് അന്നത്തെ അനുഭവം ഇടിവി ഭാരതിനോട് പറയുമ്പോഴും കണ്ണുകളില്‍ ആ നടുക്കം വിട്ടുമാറിയിട്ടില്ല.
''പറന്നുയർന്ന സമയത്ത് തന്നെ വിമാനത്തിന്‍റെ ശബ്ദത്തിൽ തകരാറ് അനുഭവപ്പെട്ടിരുന്നു, എത്രയോ തവണ വിമാന യാത്ര ചെയ്ത തനിക്ക് അന്ന് എന്തോ ഭയമായിരുന്നു. യാത്രയിലുടനീളം പ്രാർഥനയായിരുന്നു. ഒടുവിൽ ഭയപ്പെട്ട പോലെ തന്നെ സംഭവിച്ചു. കരിപ്പൂരിൽ ഇറങ്ങാനാവാതെ രണ്ട് തവണ വിമാനം വട്ടമിട്ട് പറന്നു. ആ സമയത്തൊക്കെ വിമാനത്തിന് ഒരു പ്രത്യേക ശബ്ദമായിരുന്നു. ഒടുവിൽ അപകടത്തിലേക്കാണ് പാഞ്ഞിറങ്ങിയത്.
ബാലൻസ് തെറ്റിയതോടെ വിമാനത്തിനുള്ളിൽ നിന്നും കൂട്ടക്കരച്ചിലായിരുന്നു. പലർക്കും ബോധം നഷ്ടപ്പെട്ടു. വിമാനം പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് തന്നെ പലരും മരിച്ചതായി അഷ്റഫ് പറയുന്നു. മനോധൈര്യം ഒന്നുകൊണ്ടാണ് രക്ഷപ്പെട്ടത്.
''കരിപ്പൂർ വിമാനാപകടം ഒരു വലിയ ദുരന്തം ആകാതിരുന്നത് പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ കാരണം ആയിരുന്നു. കൊവിഡ് ഭീതി ഇല്ലാതെ പരിക്കേറ്റവരെ കിട്ടിയ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിക്കാൻ ഈ നാട്ടുകാർ മുന്നിട്ടിറങ്ങിയിരുന്നില്ലായിരുന്നെങ്കില്‍ സാഹചര്യങ്ങൾ അതീവ ഗുരുതരം ആകുമായിരുന്നെന്നും അഷ്റഫ് പറയുന്നു. എന്നാൽ പരിക്കേറ്റ് വികലാംഗരായവരോടും ഗുരുതരാവസ്ഥയിൽ തുടരുന്നവരോടും എയർ ഇന്ത്യ നീതി കാണിച്ചില്ലെന്ന് അഷ്റഫ് പറയുന്നു.