കേരളം

kerala

ETV Bharat / state

സുഹൃത്തിന്‍റെ സ്വത്ത് തര്‍ക്കം തീര്‍ക്കാന്‍ വാഹനങ്ങള്‍ കത്തിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് വാഹനങ്ങള്‍ കത്തിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സിപിഎം ചെറുവണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. സുഹൃത്തിന്‍റെ സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് കാരണം. കാര്‍ കത്തിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

car burned arrest  Two persons arrested in burning vehicles  Kozhikode news updates  latest news in kerala  വാഹനങ്ങള്‍ കത്തിച്ചു  സിപിഎം ബ്രാഞ്ച് സെക്രട്ടറി
സിപിഎം ചെറുവണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി യു.സജിത്ത് (34)

By

Published : Feb 14, 2023, 7:45 PM IST

ചെറുവണ്ണൂരില്‍ കാര്‍ കത്തിക്കുന്നതിന്‍റെ ദൃശ്യം

കോഴിക്കോട്:ചെറുവണ്ണൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വാഹനങ്ങള്‍ക്ക് തീ വച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. കൊളത്തറ പാറക്കണ്ടി സ്വദേശി സുല്‍ത്താന്‍ നൂര്‍ (22), കാര്‍ കത്തിക്കാന്‍ നിര്‍ദേശം നല്‍കിയ സിപിഎം ചെറുവണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി യു സജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്. ചെറുവണ്ണൂര്‍ ആശാരിക്കണ്ടി സ്വദേശി ആനന്ദകുമാറിന്‍റെ വാഹനങ്ങളാണ് അഗ്നിക്കിരയായത്.

സുഹൃത്തുമായി ബന്ധപ്പെട്ടുണ്ടായ സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് കാരണമായത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച രാത്രി 12 മണിയോടെയാണ് സംഭവം. മൂന്ന് കുപ്പി പെട്രോളുമായി വീട്ടുവളപ്പില്‍ കയറിയ സുല്‍ത്താന്‍ നൂര്‍ മുറ്റത്തുണ്ടായിരുന്ന കാറിനും സ്‌കൂട്ടറിനും തീകൊളുത്തുകയായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ മൂന്ന് പേര്‍ മാത്രമാണുണ്ടായിരുന്നത്.

തീപടരുന്നത് കണ്ട വഴിയാത്രക്കാരന്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ വീട്ടുമുറ്റത്തേക്ക് കയറുന്നതിന്‍റെയും തീകൊളുത്തുന്നതിന്‍റെയും തുടര്‍ന്ന് ഓടി പോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയെ തുടര്‍ന്ന് സുല്‍ത്താനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യു സജിത്തിന്‍റെ ആവശ്യപ്രകാരമാണ് വാഹനങ്ങള്‍ തീ കൊളുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു.

സജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് ആനന്ദകുമാറിന്‍റെ ബന്ധുവായ യുവാവിനെ സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ മര്‍ദിച്ചെന്നും മര്‍ദനത്തിനിരയായത് സജിത്തിന്‍റെ കൂട്ടുകാരനാണെന്നും ഇതിന് പ്രതികാരമായിട്ടാണ് വാഹനങ്ങള്‍ കത്തിച്ചതെന്നും ഇയാള്‍ സമ്മതിച്ചു. നല്ലളം പൊലീസില്‍ സുല്‍ത്താന്‍ നൂറിനെതിരെ അടിപിടി കേസുകളും ലഹരി മരുന്ന് കേസുകളും നിലവിലുണ്ട്.

സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്ന് ഫറോക്ക് അസിസ്റ്റന്‍റ് കമ്മിഷണർ എ എം സിദ്ധിഖ് പറഞ്ഞു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ ഇ ബൈജുവിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം ഇൻസ്പെക്‌ടർ കെ എ ബോസിൻ്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ABOUT THE AUTHOR

...view details