കോഴിക്കോട് :കനത്ത മഴയിൽ ആഴത്തിലുള്ള വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മരിച്ചു. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വടക്കൊരു അബ്‌ദുൽ ജലീലിൻ്റെയും (മുട്ടായി) നാജിറയുടെയും മക്കളായ മുഹമ്മദ് ഹാദി (13) മുഹമ്മദ് ആഷിർ (7) എന്നിവര്‍ക്കാണ് ജീവഹാനിയുണ്ടായത്. ഞായറാഴ്‌ച (ജൂലൈ 23) വൈകുന്നേരം മൂന്ന് മണിയോടെയാണ് മുഹമ്മദ് ഹാദിയെയും മുഹമ്മദ് ആഷിറിനെയും കാണാനില്ല എന്ന വിവരം നാട്ടിലറിയുന്നത്.
വീടിന് സമീപത്തെ ട്യൂഷന്‍ ക്ലാസില്‍ കുട്ടികള്‍ എത്തിയില്ലെന്ന് ടീച്ചർ അറിയിച്ചതോടെയാണ് നാട്ടുകാർ ഇവര്‍ക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ശേഷമാണ് പാറയ്‌ക്ക് സമീപം ഉള്ള വെള്ളക്കെട്ടിന്‍റെ അടുത്തുനിന്നും കുട്ടികളുടെ ബാഗുകളും ചെരിപ്പുകളും ലഭിക്കുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വെളളക്കെട്ടിൽ നിന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മഴ പെയ്‌ത് വെള്ളം നിറഞ്ഞ ആഴത്തിലുള്ള വലിയ കുഴിയിലാണ് കുട്ടികൾ വീണത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കുന്ന പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുനല്‍കുന്ന മൃതദേഹങ്ങള്‍ ഇന്ന് (ജൂലൈ 24) കോരങ്ങാട് ജി എം എൽ പി സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും.
തുടര്‍ന്ന് കോരങ്ങാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ സംസ്‌കാര ചടങ്ങുകള്‍ നടക്കും. മുഹമ്മദ് ഹാദി താമരശ്ശേരി കോരങ്ങാട് ജി വി എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയും മുഹമ്മദ് ആഷിർ കോരങ്ങാട് ജി എം എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയുമാണ്.
വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു :കോട്ടയത്ത് കനത്ത മഴയെത്തുടര്‍ന്ന് വീടിന് സമീപമുണ്ടായ വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. കോട്ടയം അയ്‌മനം സ്വദേശി മുട്ടേൽ സ്രാമ്പിത്തറ ഭാനു കറുമ്പനാണ്(73) മരിച്ചത്. ജൂലൈ ആറിനായിരുന്നു സംഭവം.
കന്നുകാലിക്ക് തീറ്റ നല്‍കാനായി പോയതായിരുന്നു ഗൃഹനാഥന്‍. ഈ സമയം, അഞ്ചടിയിലധികം താഴ്‌ചയുള്ള വെള്ളക്കെട്ടിലേക്ക് 73കാരന്‍ കാല്‍വഴുതി വീഴുകയായിരുന്നു. ഭാനു കറുമ്പനെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വടക്കന്‍ കേരളത്തില്‍ മഴ :കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴ ഭീഷണിയാണ് നിലനില്‍ക്കുന്നത്. ന്യൂനമര്‍ദവും ചക്രവാതച്ചുഴിയുടെ സാന്നിധ്യവും മൂലമാണ് മഴ ശക്തമാകുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളും (26 ജൂലൈ) കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ ഇന്ന് (ജൂലൈ 24) മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എന്നാല്‍, മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകള്‍ക്കും പിഎസ്‌സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
More Read :Kerala Rain | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്