കോഴിക്കോട് : നഴ്‌സറി കാലം തൊട്ടുള്ള പരിചയക്കാർ. വളരുന്തോറും കാൽപന്തിന് പിന്നാലെ ഓടിനടന്നവർ. കോട്ടൂർ പഞ്ചായത്തിലെ പൂനത്തെ നാൽപതോളം വരുന്ന ചെറുപ്പക്കാരെ അവർ തന്നെ വിളിച്ചത് ' തെക്കു വടക്ക് സർവീസുകാർ ' എന്നാണ്. അതിൻ്റെ ചുരുക്കമാണ് ടി വി എസ്.
തെങ്ങിൻതോപ്പുകളിലും, റോഡിലും പന്ത് തട്ടി നടന്ന പത്ത് നാൽപതോളം ചെറുപ്പക്കാർ. സ്ഥലം ഉടമസ്ഥർ ആട്ടിയോടിക്കുമ്പോൾ പാതി വഴിക്ക് നിന്നു പോയ മത്സരങ്ങൾ. പക്ഷേ അവർ സർവീസ് നിർത്തിയില്ല. തട്ടിക്കൂട്ടിയ ഷെഡിലിരുന്ന് അവർ ചിന്തിച്ചു. ഒരു കളിസ്ഥലം ഒരുക്കാൻ.
കാൽപന്ത് കളിക്കാൻ കളിസ്ഥലം ഒരുക്കിയ കഥ പറഞ്ഞ് ടി വി എസ് മൂന്ന് വർഷം മുൻപാണ് സ്വന്തം മൈതാനം എന്ന ഒരാശയം അവരിൽ ഉദിച്ചത്. മൈതാനത്തിനായി പത്ത് സെന്‍റ് ഭൂമി വാങ്ങുകയായിരുന്നു ലക്ഷ്യം. പത്ത് സെന്‍റ് മാത്രമായി കൊടുക്കില്ലെന്ന് ഉടമസ്ഥർ പറഞ്ഞു. അങ്ങിനെ പാറപ്പുറത്തെ ഒരേക്കർ പറമ്പ് വാങ്ങാൻ തീരുമാനിച്ചു.
കൂലിപ്പണിയെടുത്തും, ബിരിയാണി ചലഞ്ച് നടത്തിയും ടൂർണമെന്‍റ് സംഘടിപ്പിച്ചുമെല്ലാം പണം കണ്ടെത്താൻ ശ്രമിച്ചു. തികയാതെ വന്നപ്പോൾ ഒടുവിൽ വീടിൻ്റെ ആധാരം വരെ പണയപ്പെടുത്തി 23 ലക്ഷം രൂപ കൊടുത്ത് സ്ഥലം സ്വന്തമാക്കി. അത് മൈതാനമായി മാറുമ്പോഴേക്കും ചെലവ് 25 ലക്ഷം കടന്നു.
പിന്നീട് പഴയ തെക്ക് വടക്ക് സർവീസിനെ പരിഷ്‌കരിച്ച് 'ടീം വെറൈറ്റി സോക്കറായി. ടി വി എസിന് കൊടിയും ജഴ്‌സിയുമൊക്കെ രൂപമെടുത്തു. ഫുട്‌ബോൾ ലഹരിയിൽ ലോകം ആറാടുമ്പോൾ ടി വി എസിൻ്റെ സ്വപ്‌നം പൂവണിഞ്ഞു. നാടിൻ്റെ ആഘോഷമായി അവർ മൈതാനം തുറന്നു.
ബാധ്യത കൂടിയതോടെ 50 സെന്‍റ് സ്ഥലം വിൽപന നടത്തി കുറച്ച് കടം വീട്ടിയെങ്കിലും അത് ഇപ്പോഴും പെരുകി വരികയാണ്. എന്നാൽ, ഒരു സ്വപ്‌നം സഫലമായതിൻ്റെ സന്തോഷത്തിൽ സ്വന്തം മൈതാനത്ത് പന്ത് തട്ടി അവർ മുന്നേറുകയാണ്. വരും തലമുറയ്ക്കും മുതൽക്കൂട്ടായി.