കോഴിക്കോട് : ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്ന സംഭവങ്ങൾക്ക് പിന്നാലെ ടിടിഇയെ ആക്രമിക്കുന്ന (TTE attacked) സംഭവങ്ങളും വർധിച്ച് വരുന്നു. മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്‌പ്രസിലും (Mangalur-chennai West Coast Express) മംഗളുരു -ചെന്നൈ എക്‌സ്‌പ്രസിലുമാണ് (Mangalur-chennai Express) ആക്രമണങ്ങൾ നടന്നത്. രണ്ട് സംഭവങ്ങളും വടകരക്കും (Vadakara) കൊയിലാണ്ടിക്കും (Koyilandy) ഇടയിൽ വച്ചാണ് നടന്നത്.
ടിടിഇയെ ആക്രമിച്ച് സൈനികൻ (TTE Beaten by soldier) : വെസ്റ്റ്കോസ്റ്റ് എക്‌സ്‌പ്രസിൽ ടിടിഇയെ ആക്രമിച്ചത് സൈനികനാണ്. കൊല്ലം ശാസ്‌താംകോട്ട സ്വദേശി ബിജുകുമാർ (41) ആണ് ആക്രമിച്ചത്. ടിടിഇ ഋഷി ശശീന്ദ്രനാഥിന് പരിക്കേറ്റു. അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന ബിജുകുമാർ മറ്റൊരു ട്രെയിനിന്‍റെ ടിക്കറ്റുമായാണ് മംഗളൂരുവിൽ നിന്ന് വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസിലെ സ്ലീപ്പർ കോച്ചിൽ (sleeper coach) കയറിയത്.
അടുത്ത സ്റ്റേഷനിൽ ഇറങ്ങി മാറിക്കയറണമെന്ന് ടിടിഇ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയും ആക്രമിക്കുകയുമായിരുന്നു. കഴുത്തിന് പരിക്കേറ്റ ടിടിഇ ഷൊർണൂരിലെ (Shoranur) ആശുപത്രിയിൽ ചികിത്സ തേടി. മറ്റ് യാത്രക്കാർ ചേർന്ന് കീഴ്‌പ്പെടുത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വനിത ടിടിഇക്കും മർദനം (Woman TTE attack) : മംഗളുരു -ചെന്നൈ എക്‌സ്‌പ്രസിൽ വനിത ടിടിഇ ആണ് ആക്രമിക്കപ്പെട്ടത്. ടിടിഇ രജിതയ്ക്കാണ് മർദനമേറ്റത്. പ്രതി വടകര സ്വദേശി രൈരുവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ ജനറൽ ടിക്കറ്റ് എടുത്ത് സ്ലീപ്പർ കോച്ചിൽ കയറുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതിനാണ് ടിടിഇയായ രജിതയെ രൈരു മർദിച്ചത്.