കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ദമ്പതികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ. ബേപ്പൂർ നടുവട്ടം സ്വദേശി എ.പി മുഹമ്മദ് അജ്മൽ (23) ആണ് അറസ്റ്റിലായത്. പ്രതിയെ പരാതിക്കാരനായ അശ്വിൻ തിരിച്ചറിഞ്ഞു. ഭാര്യയെ അസഭ്യം പറഞ്ഞതും തന്‍റെ മുഖത്തടിച്ചതും ഇയാളാണെന്ന് അശ്വിൻ പൊലീസിനോട് പറഞ്ഞു. മറ്റുള്ളവർ അതിക്രമം നടത്തിയിട്ടില്ലെന്നും പരാതിക്കാരൻ പറഞ്ഞു. പ്രതി ഉപയോഗിച്ച KL11 BN 7714 ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
ദമ്പതികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ നാല് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അക്രമികൾ സഞ്ചരിച്ച ബൈക്കുകളും പൊലീസ് കണ്ടെത്തി. നടക്കാവ് പൊലീസാണ് കേസെടുത്തത്. പ്രതികളെ തിരിച്ചറിയാനായി ദമ്പതികളോട് സ്റ്റേഷനിലേക്ക് എത്താൻ പൊലീസ് ആവശ്യപ്പെട്ടു. പരാതിയിൽ രേഖപ്പെടുത്തിയ ബൈക്ക് നമ്പറും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. അക്രമി സംഘത്തിലെ ഒരാളെ കൂടി കണ്ടെത്താനുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇടപെട്ട് പൊലീസ്: നടക്കാവ് പൊലീസാണ് കേസെടുത്തത്. പ്രതികളെ തിരിച്ചറിയാനായി ദമ്പതികളോട് സ്റ്റേഷനിലേക്ക് എത്താൻ പൊലീസ് ആവശ്യപ്പെട്ടു. പരാതിയിൽ രേഖപ്പെടുത്തിയ ബൈക്ക് നമ്പറും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. അക്രമി സംഘത്തിലെ ഒരാളെ കൂടി കണ്ടെത്താനുണ്ടെന്നാണ് പൊലീസ് പറയുന്നത്.
നവദമ്പതികൾക്ക് നേരെ ഒരു സംഘത്തിൻ്റെ അതിക്രമം. ടൗൺ ട്രാഫിക്ക് ജംഗ്ഷനിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും ആണ് ദുരനുഭവം ഉണ്ടായത്. നഗരത്തിലേക്ക് ബൈക്കിലെത്തി ഭക്ഷണം കഴിക്കാൻ പോകുന്ന വഴിയാണ് 5 അംഗ സംഘം ദമ്പതികളെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തത്. രണ്ടു ബൈക്കുകളിലായി പിന്തുടർന്ന് എത്തിവർ ഭാര്യയെ ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്ത ഭർത്താവിനെ മർദ്ദിക്കുകയായിരുന്നു. കണ്ടു നിന്നവരും ഇടപെടാതായതോടെ രാത്രി തന്നെ രേഖാമൂലം പോലീസിൽ പരാതി നൽകി. നടക്കാവ് പോലീസിലും സിറ്റി ട്രാഫിക്കിലുമാണ് പരാതി നൽകിയത്.
അക്രമി സംഘം എത്തിയ ഒരു ബൈക്കിൻ്റെ നമ്പർ സഹിതമാണ് പരാതി നൽകിയത്. എന്നാൽ ഇരുവരേയും പൊലീസ് ആശ്വസിപ്പിച്ച് പറഞ്ഞ് വിടുകയായിരുന്നു. പരിക്കുണ്ടെങ്കിൽ ആശുപത്രിയിൽ ചികിത്സ തേടാനും പറഞ്ഞു. പൊലീസിൽ നിന്നും തുടർ നടപടി ഇല്ലാതായതോടെ ദമ്പതികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
തലശ്ശേരിയിൽ ദമ്പതികൾക്ക് നേരെ സദാചാര ആക്രമണം : 2022 ജൂലൈയിൽ തലശ്ശേരിയിൽ കടൽപ്പാലം കാണാനെത്തിയ ദമ്പതികൾ പൊലീസിന്‍റെ സദാചാര ആക്രമണത്തിന് ഇരയായെന്ന് ആരോപണം ഉയർന്നിരുന്നു. രാത്രി കടൽപ്പാലം കാണാനെത്തിയ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറി എന്നുമായിരുന്നു പരാതി. പ്രത്യുഷ്, ഭാര്യ മേഘ എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയത്.