കേരളം

kerala

ETV Bharat / state

കൊളക്കാടന്‍ നാസറിന്‍റെ മിനി ഇനിയില്ല ; ചെരിഞ്ഞത് കുഞ്ഞിനെ ആക്രമിക്കാനാഞ്ഞ് ദൃശ്യം പ്രചരിച്ച ആന

കടുത്ത ആത്മബന്ധമായിരുന്നു നാസറിന്‍റെ കുടുംബവുമായും പാപ്പാനുമായും മിനിക്ക് ഉണ്ടായിരുന്നത്

thrikkalayoor elephant kolakkadan mini dies  elephant death kolakkadan mini  elephant attacks child  കൊളക്കാടൻ മിനി ആന ചെരിഞ്ഞു  പിടിയാന ചെരിഞ്ഞു
നാസറിന്‍റെ മിനി ഇനിയില്ല; വേദനയിൽ തൃക്കളയൂരുകാർ

By

Published : May 26, 2022, 8:16 PM IST

കോഴിക്കോട് : തൃക്കളയൂരുകാരുടെ പ്രിയപ്പെട്ട മിനി എന്ന പിടിയാന ഇനിയില്ല. കൊളക്കാടൻ നാസർ എന്നയാളുടെ ഉടമസ്ഥതയിലുള്ള പിടിയാനയാണ് ചെരിഞ്ഞത്. പതിറ്റാണ്ടുകളായി നാസർ പരിപാലിച്ചിരുന്ന, 48 വയസുള്ള മിനി നാട്ടുകാരുടെയും ആന പ്രേമികളുടെയും പ്രിയങ്കരിയായിരുന്നു. വളരെയധികം ആത്മബന്ധമായിരുന്നു നാസറിന്‍റെ കുടുംബവുമായും പാപ്പാനുമായും മിനിക്ക് ഉണ്ടായിരുന്നത്.

ഒരു തരത്തിലുമുള്ള അസുഖങ്ങളും ഇല്ലാതിരുന്ന മിനിയെ വ്യാഴാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെ തൃക്കളയൂർ ക്ഷേത്രത്തിന് സമീപത്ത് ചെരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷണം വാരി ഉൾപ്പടെ നൽകിയാണ് മിനിയുടെ അടുത്തുനിന്നും അവസാനമായി പിരിഞ്ഞതെന്ന് ഉടമയായ കൊളക്കാടൻ നാസർ പറയുന്നു. പുലർച്ചെ പാപ്പാൻ അറിയിച്ചപ്പോഴാണ് ആന ചെരിഞ്ഞ വിവരമറിയുന്നത്.

ഒരു കുടുംബാംഗത്തെ പോലെയായിരുന്നു മിനിയെന്നും വിയോഗം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നും കടുത്ത ദുഃഖത്തോടെ നാസർ കൂട്ടിച്ചേർത്തു. നാസറും മിനിയും നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഭക്ഷണം കൊടുക്കാൻ ശ്രമിച്ച കുട്ടിയെ കൊളക്കാടൻ മിനി തുമ്പിക്കൈയിലെടുത്ത് ആക്രമിക്കാനാഞ്ഞ വീഡിയോ വൈറലായിരുന്നു. തൃക്കളയൂർ പ്രദേശവാസികൾക്കും നാസറിനും മിനിയുമായുള്ള ആത്മബന്ധവും മുമ്പ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

നാസറിന്‍റെ മിനി ഇനിയില്ല; വേദനയിൽ തൃക്കളയൂരുകാർ

ALSO READ: VIDEO | ഭക്ഷണം നീട്ടിയ കുഞ്ഞിനെ തുമ്പിക്കൈയിലെടുത്ത് ആക്രമിക്കാനാഞ്ഞ് ആന, ചാടിവീണ് രക്ഷപ്പെടുത്തി അച്ഛന്‍ ; മലപ്പുറത്തെ 'സൂപ്പര്‍ ഡാഡി'

കുട്ടിയെ ആക്രമിച്ച വീഡിയോ വൈറലായതിന് പിന്നാലെ നാസർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആനയെ തളച്ചിട്ട സ്ഥലത്തെത്തി പഴത്തൊലിയും തേങ്ങ ചകിരിയും ഉള്‍പ്പടെ നല്‍കി ആളുകള്‍ മുന്‍പ് കബളിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെ കരുതിയാകാം കുട്ടിയെ ആന ആക്രമിക്കാന്‍ ശ്രമിച്ചതെന്നുമായിരുന്നു ഉടമ കൊളക്കാടൻ നാസറിന്‍റെ വിശദീകരണം. വളരെ ശാന്ത സ്വഭാവമുള്ള അക്രമകാരിയല്ലാത്ത ആനയായിരുന്നു മിനിയെന്നും നാസർ പറയുന്നു.

തൃക്കളയൂർ ക്ഷേത്രപരിസരത്ത് മിനിയുടെ മൃതദേഹം പൊതുദർശനത്തിനുവച്ചു. ആനപ്രേമികളും നാട്ടുകാരുമടക്കം നിരവധി പേരാണ് മിനിയെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. നിലമ്പൂരിൽ നിന്നെത്തിയ സോഷ്യൽ ഫോറസ്റ്റ് റേഞ്ചർ എ.കെ രാജീവന്‍റെ നേതൃത്വത്തിൽ മിനിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പൊതുദർശത്തിന് ശേഷം ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സത്യന്‍റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തും.

ALSO READ: 'ചിലര്‍ പഴത്തൊലിയും ചകിരിയും നല്‍കി ആനയെ കബളിപ്പിച്ചു'; മലപ്പുറത്ത് കുട്ടിയെ ആന ആക്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി ഉടമ

ABOUT THE AUTHOR

...view details