കോഴിക്കോട്:കോരപ്പുഴ പാലത്തിൽ ചൊവ്വാഴ്‌ച അർധരാത്രി നടന്ന അപകടത്തിൽ മരണം മൂന്നായി. മഹിള കോൺഗ്രസ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്‍റ് വെസ്റ്റ്ഹിൽ ചുങ്കം പണിക്കർ തൊടിയിൽ കൃഷ്‌ണവേണി (52) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ മകനും കൊച്ചുമകനും അപകടം നടന്നയുടൻ മരണമടഞ്ഞിരുന്നു. അതുൽ (24), മകൻ ഒരു വയസ്സുകാരൻ അൻവിഖ് എന്നിവരാണ് മരിച്ചത്. കെ മുരളീധരൻ എംപിയുടെ ഡ്രൈവറാണ് അതുൽ.
ചൊവ്വാഴ്‌ച രാത്രി 12.10നാണ് അപകടം സംഭവിച്ചത്. കുടുംബം സഞ്ചരിച്ച ആക്‌ടീവ സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. ബന്ധുവിൻ്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അതുലും കുടുംബവും. അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.