കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയും തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, പുതുപ്പാടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് തിരുവമ്പാടി നിയമസഭാ മണ്ഡലം. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടി മണ്ഡലത്തില്‍ ആകെ 169800 വോട്ടർമാരാണുള്ളത്. അതിൽ 85318 സ്ത്രീ വോട്ടർമാരും 84481 പുരുഷ വോട്ടർമാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും.
മണ്ഡലത്തിന്‍റെ ചരിത്രം
1977 മുതൽ കോണ്‍ഗ്രസും തുടർന്ന് ലീഗും മാത്രം വിജയിച്ച് പോന്ന യുഡിഎഫ് കുത്തക മണ്ഡലം 2006ലെ തെരഞ്ഞെടുപ്പിൽ മത്തായി ചാക്കോയിലൂടെ സിപിഎം പിടിച്ചെടുത്തു. അദ്ദേഹത്തിന്‍റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥി ജോർജ് എം തോമസ് തെരഞ്ഞെടുക്കപ്പെട്ടു. 1977ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ സിറിയക് ജോണാണ് വിജയിച്ചത്. തുടർന്ന് 1980, 1982 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലും സിറിയക് ജോൺ വിജയിച്ചു. 1987ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പിപി ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. 1991ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ എവി അബ്ദുറഹിമാൻ ഹാജി വിജയിച്ചു. 1996ലും അബ്ദുറഹിമാൻ ഹാജി തന്നെ മണ്ഡലത്തിൽ നിന്നും വിജയിച്ചു. 2001ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ സി മോയിൻ കുട്ടിയാണ് വിജയിച്ചത്.
പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ 24 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച യുഡിഎഫിനെ തള്ളി എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. 2006ൽ മത്തായി ചാക്കോയിലൂടെ എൽഡിഎഫ് അധികാരത്തിലെത്തി. തുടർന്ന് 2007ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജോർജ് എം തോമസിലൂടെ എൽഡിഎഫ് തിരുവമ്പാടി നിലനിർത്തി. തുടർന്ന് 2011 ലെ തെരഞ്ഞെടുപ്പില്‍ സി മോയിൻ കുട്ടിയിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ച് പിടിച്ചത് ആശ്വാസമായെങ്കിലും 2016ൽ എൽഡിഎഫ് വീണ്ടും തിരുവമ്പാടിയില്‍ ജയിച്ചു കയറി. യുഡിഎഫിന്‍റെ വിഎം ഉമറിനെതിരെ 2880 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചാണ് ജോർജ് എം തോമസ് നിയമസഭയിലേക്ക് പോയത്. 1991 മുതല്‍ മുസ്ലീം ലീഗ് മല്‍സരിക്കുന്ന മണ്ഡലമാണ് തിരുവമ്പാടി. ഇത്തവണയും കോണ്‍ഗ്രസിന് സീറ്റ് വിട്ട് നല്‍കില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു.