കോഴിക്കോട്: രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വാഹനപടത്തിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹത. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് പേരും കരിപ്പൂരിൽ നിന്ന് മടങ്ങവെയാണ് അപകടമുണ്ടായിരിക്കുന്നത്. കരിപ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്നതിന് പകരം ഇവർ എന്തിന് രാമനാട്ടുകരയിലെത്തി എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.
അടിമുടി ദുരൂഹത
അപകട സമയത്ത് ഈ കാറിനൊപ്പം ഉണ്ടായിരുന്ന ഇന്നോവ കാറിലെ ആറ് പേരെ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നവരെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. കരിപ്പൂരിൽ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതാണെന്നാണ് ഇന്നോവ കാറിലുള്ളവർ പറയുന്നതെങ്കിലും പലരും പറയുന്ന മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ് വ്യക്തമാക്കി. മരിച്ചവരടക്കം രാവിലെ അപകട സ്ഥലത്ത് കാണപ്പെട്ടവരെ കുറിച്ച് പാലക്കാട് പൊലീസും അന്വേഷണം ആരംഭിച്ചു.
ആദ്യമണിക്കൂറുകളിൽ ഇത് സാധാരണ അപകടമാണെന്നാണ് കരുതിയത്. മരിച്ചവരുടെ പശ്ചാത്തലം അന്വേഷിച്ചപ്പോഴാണ് ദുരൂഹത ഉയർന്നത്. എന്തിനാണ് ഇവരിവിടെ എത്തിയതെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. മരിച്ച യുവാക്കളിൽ ചിലർക്ക് ചില കേസുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് സൂചന നൽകുന്നുണ്ട്.