യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ലഭിച്ച മുപ്പത് വെള്ളിക്കാശുകളില്‍ രണ്ടെണ്ണം, മോശയുടെ അംശ വടി, മുഹമ്മദ് നബി ഉപയോഗിച്ച ഒലിവ് എണ്ണ ഉപയോഗിക്കുന്ന റാന്തല്‍ വിളക്ക്, യേശുവിനെ കുരിശില്‍ നിന്ന് ഇറക്കിയപ്പോൾ മുഖം തുടച്ച വെള്ളത്തുണി, മൈസൂർ കൊട്ടാരത്തിന്‍റെ ആധാരം, ടിപ്പു സുല്‍ത്താന്‍റെ സിംഹാസനം, മുഗൾ രാജാക്കൻമാരുടെ ലൈബ്രറികളില്‍ നിന്നുള്ള പുസ്‌തകങ്ങൾ, ഛത്രപതി ശിവജിയുടെ കൊട്ടാരത്തില്‍ നിന്നുള്ള പുരാവസ്തുക്കൾ, ഡാവിഞ്ചിയുടെ ചിത്രം ഇവയൊക്കെ കേരളത്തില്‍ വിലകൊടുത്ത് വാങ്ങാൻ ലഭ്യമാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടാകും.
എന്നാല്‍ മോൻസൺമാവുങ്കല്‍.കോം (monsonmavunkal.com) എന്ന വെബ്‌സൈറ്റിലും മോൻസൺ മാവുങ്കല്‍ എന്ന യൂ ട്യൂബിലും തിരഞ്ഞാല്‍ മേല്‍പറഞ്ഞ പുരാവസ്തുക്കളെല്ലാം കിട്ടുന്ന സ്ഥലം ലഭ്യമാണ്. അത് കൊച്ചി കലൂരിലെ കോസ്‌മോസ് ഗ്രൂപ്പിന്‍റെ പേരിലുള്ള മ്യൂസിയമാണ്. ഉടമസ്ഥൻ ഡോ. മോൻസൺ മാവുങ്കല്‍ എന്ന ചേർത്തലക്കാരൻ.
എട്ടോളം ഡോക്‌ടറേറ്റുകൾ. 25 വർഷമായി പുരാവസ്‌തു കച്ചവടം നടത്തുന്നു. അതിനൊപ്പം ജർമനിയില്‍ പരിശീലനം പൂർത്തിയാക്കിയ കോസ്‌മറ്റോളജിസ്റ്റ് (സൗന്ദര്യ ശസ്ത്രക്രിയ വിദഗ്ധൻ), വേൾഡ് പീസ് കൗൺസില്‍ അംഗം ഇങ്ങനെ അതി മനോഹരമായ പല വിധ വിശേഷണങ്ങൾ. മികച്ച യു ട്യൂബർ കൂടിയായ മോൻസൺ മാവുങ്കലിന്‍റെ വെബ്സൈറ്റിലും യൂട്യൂബിലും പുരാവസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ അപ്പപ്പോൾ അപ്‌ലോഡ് ചെയ്യും.
പണം നല്‍കിയാല്‍ മ്യൂസിയത്തില്‍ പാർട്‌ണർ ആക്കാമെന്ന വാഗ്‌ദാനവുമുണ്ട്. കേരളത്തിലെ രാഷ്ട്രീയ, സിനിമ പ്രവർത്തകരും ഡിജിപി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ചിത്രങ്ങളും ഈ വെബ് സൈറ്റിലും യു ട്യൂബിലും ലഭ്യമാണ്.
ഇനിയാണ് ശരിക്കുള്ള കഥ
തട്ടിപ്പ് കഥകൾ ലോകത്ത് പുതിയ കാര്യമല്ല. വിശേഷിച്ചും കേരളത്തില്‍. തേക്ക്, മാവ്, ആട്, മാഞ്ചിയം മുതല്‍ ലോട്ടറിയും ഭൂമിയും റിയല്‍ എസ്‌റ്റേറ്റും നിക്ഷേപ തട്ടിപ്പും വരെ കേരളത്തില്‍ ദിനം പ്രതി അരങ്ങേറുന്നുണ്ട്. രാഷ്ട്രീയക്കാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും പേരും സ്വാധീനവും ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകൾക്ക് അവസാനവുമില്ല.
വിദേശത്തും സർക്കാർ മേഖലയിലും തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്നത് പതിവാണ്. പുതിയ കാലത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ഓൺലൈൻ, ഓഫ്‌ലൈൻ തട്ടിപ്പുകൾ വേറെ. ഇതൊന്നും പോരാഞ്ഞിട്ട് ഒരു സർക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കിയ സോളാർ തട്ടിപ്പിനും കേരളം സാക്ഷിയായി.
അങ്ങനെ ചെറുതും വലുതുമായ തട്ടിപ്പു വാർത്തകൾക്കിടയിലാണ് കഴിഞ്ഞ ദിവസം പുരാവസ്തുക്കളുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്തുവരുന്നത്. പ്രതി ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശി മോൻസൺ മാവുങ്കല്‍.
അൻപതിരണ്ടുകാരനായ ജോൻസൺ പുരാവസ്തുക്കളുടെ പേരില്‍ തട്ടിയെടുത്ത കോടികളെ കുറിച്ച് ആദ്യം പുറത്തുവന്ന വാർത്തയില്‍ പുതുതായി ഒന്നും മലയാളിക്ക് തോന്നിയില്ല. പക്ഷേ പിന്നീടാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത് ഇനി വരാനിരിക്കുന്ന വലിയ തട്ടിപ്പ് വാർത്തകളുടെ ഒരറ്റം മാത്രമാണെന്നാണ് മനസിലാകുന്നത്.
"മോശയുടെ അംശ വടി" മെയ്‌ഡ് ഇൻ കൊച്ചി
മോൻസന്‍റെ തന്നെ ആശാരിമാർ ചേർത്തലയിലും കൊച്ചിയിലും നിർമിച്ചെടുത്ത വ്യാജ നിർമിതികളാണ് പുരാവസ്തുക്കൾ എന്ന പേരില്‍ വില്‍പനയ്ക്ക് വെച്ചിരുന്നത് എന്ന് പത്ത് വർഷം മോൻസണ് ഒപ്പമുണ്ടായിരുന്ന അജി വെളിപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളത് കൊച്ചിയില്‍ നിന്ന് തന്നെ കുറഞ്ഞ വിലയ്ക്ക് വാങ്ങിയിരുന്നതും.
നൂറ്റാണ്ടുകൾ പഴക്കമുള്ള സാധനങ്ങളോട് താല്‍പര്യമുള്ളവരെ കബളിപ്പിക്കുക അതുവഴി പണമുണ്ടാക്കുക എന്നതാണ് 1000 രൂപ പോലും വിലയില്ലാത്ത തട്ടിപ്പ് സാധനങ്ങൾ മ്യൂസിയമെന്ന പേരില്‍ നടത്തുന്ന സ്ഥാപനം വഴി മോൻസൺ സാധിച്ചെടുത്തിരുന്നത്. തട്ടിപ്പിന് തുണയായി ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, സിനിമ താരങ്ങൾ എന്നിവർ മ്യൂസിയം സന്ദർശിക്കുന്ന ചിത്രങ്ങളും "അമൂല്യ വസ്തുക്കൾ" എന്ന പേരില്‍ പ്രദർശിപ്പിച്ചിരിക്കുന്ന വസ്തുക്കളുമായി നില്‍ക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
ഇത് യൂ ട്യൂബിലും പ്രചരിപ്പിച്ചതോടെ പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതൊന്നും കൃത്യമായ അന്വേഷണത്തിലേക്ക് നീങ്ങിയിരുന്നില്ല. എച്ച്എസ്ബിസി ബാങ്കിന്‍റേത് അടക്കം മില്യൺ ഡോളറുകളുടെ അക്കൗണ്ട് ബാലൻസ് കാണിക്കുന്ന വ്യാജ ബാങ്ക് രേഖകൾ കാണിച്ചാണ് മിക്കപ്പോഴും മോൻസൺ തട്ടിപ്പ് നടത്തിയിരുന്നത്.
ഇത്തരത്തില്‍ മോൻസണ് പണം നല്‍കിയവരില്‍ പലരും തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പുറത്തു പറയാൻ മടിക്കുന്നതിനാല്‍ പരാതിയുമായി പോയിരുന്നില്ല. ഇനി പരാതി പറയുന്നവരെ ഉന്നത പൊലീസ് ബന്ധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. എട്ടോളം വ്യാജ ഡോക്‌ടറേറ്റുകളുമായി മോൻസൺ നടത്തിയ 12 കോടിയുടെ തട്ടിപ്പാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.
രാഷ്ട്രീയം, സിനിമ, പൊലീസ്
ഏത് തട്ടിപ്പുകാരനും ആദ്യം ഉപയോഗിക്കുന്ന ഉന്നത ബന്ധങ്ങളിലെ പേരുകളില്‍ രാഷ്ട്രീയക്കാരും സിനിമ താരങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമുണ്ടാകും. വ്യാജ സംഘടനകളുടെ ഭാരവാഹി എന്ന നിലയിലും പ്രവാസി സംഘടനകളുടെ കേരളത്തിലെ ചുമതലക്കാരൻ എന്ന നിലയിലും തട്ടിപ്പ് തുടങ്ങിയ മോൻസൺ ഒടുവില്‍ കേരള ഡിജിപി, ഡിഐജിമാർ, ഐജിമാർ തുടങ്ങിയ ഉദ്യോഗസ്ഥരുമായുള്ള ബന്ധം തട്ടിപ്പിന് സംരക്ഷണം ഒരുക്കാൻ ഉപയോഗിച്ചു.
സിനിമാ താരങ്ങൾക്കൊപ്പം ആഘോഷ വേളയില്‍ പ്രവാസി പുരസ്‌കാരം സ്വീകരിക്കുന്നു സീരിയല്‍ താരങ്ങൾക്കൊപ്പം ആഘോഷ വേളയില്‍ തട്ടിപ്പ് നടത്തി നേടിയ കോടികൾ സിനിമ താരങ്ങളുമായി അടക്കം ബന്ധം സ്ഥാപിക്കാൻ ജോൻസണ് അനുഗ്രഹമായി. അവരുമായുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചും ഉന്നത ബന്ധമുണ്ടെന്ന് വരുത്തിതീർത്തും തട്ടിപ്പ് തുടർന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ വിദേശത്ത് വിറ്റപ്പോൾ ലഭിച്ച കോടിക്കണക്കിന് പണം കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാൻ സഹായിച്ചാല്‍ 25 കോടി രൂപ വരെ നല്‍കാമെന്നും പറഞ്ഞ് ആറ് പേരില്‍ 10 കോടി തട്ടിയതോടെയാണ് സംഭവം പുറത്തെത്തുന്നത്. പണം ലഭ്യമാകാതെ വന്നപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരാതി നല്‍കി. എന്നിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അങ്ങനെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതും മോൻസൺ അറസ്റ്റിലാകുന്നതും.
പ്രതി പൊലീസാകുമ്പോൾ നിയമം മോൻസണ് വേണ്ടി
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങൾ ഉപയോഗിച്ച് കൊച്ചിയിലെ വീട്ടില്‍ പൊലീസ് ബീറ്റ് ബോക്‌സ് (പൊലീസ് പട്രോളിങ് സംഘം ദിവസവും വീടിന് മുന്നിലെത്തി ഒപ്പിട്ടു പോകണം), ട്രാഫിക് കേസുകളില്‍ പൊലീസ് സംരക്ഷണം, ബലാത്സംഗ കേസുകളില്‍ അടക്കം പ്രതികളെ സംരക്ഷിക്കാൻ ഇടപെടല്‍ എന്നിങ്ങനെ മോൻസൺ കൊച്ചിയിലെ തന്‍റെ സാമ്രാജ്യം വിപുലമാക്കിക്കൊണ്ടിരുന്നു. ജോൻസണ് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ കോഴിക്കോട് സ്വദേശി യാക്കൂബിന്‍റെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മോൻസണും തമ്മിലുള്ള ബന്ധം വ്യക്തമാണ്.
മോൻസൺ കെപിസിസി പ്രസിഡന്‍റിന് ഒപ്പം മോൻസൺ, ചേർത്തലയില്‍ നിന്ന് ഇടുക്കി വഴി കൊച്ചിയിലെത്തിയ തട്ടിപ്പ് മോൺസ്റ്റർ കേന്ദ്ര അന്വേഷണ ഏജൻസികൾക്കും പൊലീസിലെ ഉന്നത അന്വേഷണ സംഘങ്ങൾക്കും മാത്രം ലഭിക്കുന്ന സിഡിആർ വിവരങ്ങൾ പൊലീസിന്‍റെ സ്വാധീനം ഉപയോഗിച്ച് തനിക്ക് ലഭിച്ചതായി മോൻസൺ ഈ ദൃശ്യങ്ങളില്‍ പറയുന്നുണ്ട്. ഐജി ലക്ഷ്‌മണയുമായി നടത്തുന്ന ഫോൺ സംഭാഷണത്തില്‍ കോടികളുടെ പണ ഇടപാടും വ്യക്തമാണ്.
മന്ത്രി റോഷി അഗസ്‌റ്റിൻ, കെപിസിസി പ്രസിഡന്‍റും എംപിയുമായ കെ സുധാകരൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഡിഐജി മനോജ് എബ്രഹാം, ഐജി ലക്ഷ്‌മണ, ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത്, മുൻ ഡിഐജി സുരേന്ദ്രൻ, സിനിമ താരങ്ങളായ ബാല, നവ്യ നായർ എന്നിങ്ങനെ സമൂഹത്തില്‍ ഉന്നത തലത്തിലുള്ളവരുമായി ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇതില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് കോസ്‌മറ്റോളജിയില്‍ മോൻസൺ ചികിത്സയും നടത്തി.
മുൻ ഡിഐജി സുരേന്ദ്രനും കുടുംബവും മോൻസണ് ഒപ്പം രാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. മോൻസണ് പരാതിക്കാർ പണം നല്‍കിയത് ഡിഐജിയുടേയും കെപിസിസി അധ്യക്ഷന്‍റേയും സാന്നിധ്യത്തിലാണ് എന്ന ആരോപണവും അതിനൊപ്പം ഉയർന്നു. മോൻസണ് വേണ്ടി പൊലീസ് സഹായം എന്ന നിലയില്‍ മുൻ ഡിജിപ് ലോക്‌നാഥ് ബെഹ്റ നിരവധി ഇടപെടലുകൾ നടത്തിയതിന്‍റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
മുൻ കലക്ടർ പ്രശാന്തിനൊപ്പം തട്ടിപ്പുകാരനെന്ന നിലയില്‍ മോൻസണെ കുറിച്ചുള്ള ഇന്‍റലിജൻസ് റിപ്പോർട്ട് പോലും മറച്ചുവെച്ചാണ് ഇയാൾക്ക് ഉന്നത പൊലീസ് സഹായം ലഭിച്ചിരുന്നത്.
ജീവിതം ആഘോഷമാക്കിയ തട്ടിപ്പ് വീരൻ
പുരാവസ്തു ശേഖരം സൂക്ഷിക്കുന്ന വ്യക്തി എന്ന നിലയില്‍ പൊതു സമൂഹത്തില്‍ വലിയ പിന്തുണയും സമ്മതിയും നേടിയെടുക്കാൻ മോൻസണ് കഴിഞ്ഞിരുന്നു. "അത്‌ഭുതങ്ങളുടെ സൂക്ഷിപ്പുകാരൻ" എന്ന പേരില്‍ ഞായറാഴ്‌ച സപ്ലിമെന്‍റില്‍ ഒരു മുഴുവൻ പേജ് ലേഖനമാണ് ദീപിക ദിനപത്രം പ്രസിദ്ധീകരിച്ചത്. "മൂന്ന് പ്രധാന മതങ്ങളുടേയും സുപ്രധാനമായ ശേഷിപ്പുകൾ സമാഹരിച്ച് സ്വന്തം വീടിനെ വിശ്വദേവാലയമാക്കിയ ലോക ചരിത്രത്തിന്‍റെ സഹയാത്രികൻ", എന്നാണ് മോൻസണെ ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്.
മ്യൂസിയമാണോ ദേവാലയമാണോ എന്ന് തിരിച്ചറിയാനാകാത്ത വിധം മനോഹരമായി ഒരുക്കിയിട്ടുള്ള കൊച്ചിയിലെ വീടിനു മുന്നില്‍ നിർത്തിയിട്ടിരിക്കുന്നത് മുപ്പതോളം ആഢംബര കാറുകൾ. ബെൻസ്, ലംബോർഗിനി, ഫെരാരി, ബെന്‍റ്‌ലി തുടങ്ങി കോടികളുടെ കാറുകൾ എങ്ങനെ ഇദ്ദേഹം സ്വന്തമാക്കി എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഇവയില്‍ ബഹുഭൂരിപക്ഷവും ഹരിയാന രജിസ്ട്രേഷൻ. കാറുകളില്‍ വിദേശ എംബസികളുടെ ചിഹ്നങ്ങൾ, നോട്ടെണ്ണല്‍ യന്ത്രം എന്നിവയെല്ലാം മോൻസൺ സൂക്ഷിച്ചിരുന്നു.
സുരക്ഷയൊരുക്കാൻ തോക്കേന്തിയ ഗുണ്ടാ സംഘങ്ങൾ എപ്പോഴും മോൻസൺ മാവുങ്കലിന് ഒപ്പം സഞ്ചരിക്കാറുണ്ടെന്നും ഇവർ പലരേയും ഭീഷണിപ്പെടുത്തിയതായും പുതിയ പരാതികൾ വരുന്നുണ്ട്. ഇത് കൂടാതെ വയനാട്ടില്‍ കാപ്പിത്തോട്ടം വാങ്ങാൻ കോടികൾ തട്ടിയെന്ന പരാതി, വീട്ടില്‍ മസാജിങ് പാർലർ നടത്തുന്നവെന്ന പരാതി, ഖത്തർ പുരാവസ്തു മ്യൂസിയത്തിലേക്ക് 15000 കോടിയുടെ വസ്തുക്കൾ വാങ്ങാനെന്ന പേരില്‍ തട്ടിപ്പ് ഇതെല്ലാം പുതുതായി ഉയർന്നുവന്നതാണ്.
ഇനിയും മാറാത്ത ദുരൂഹത
ചേർത്തലയില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച മോൻസൺ മാവുങ്കലിന്‍റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് ഇനിയും കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചേർത്തലയിലെ വീട്ടില്‍ മകളുടെ മനസമ്മത ചടങ്ങിനിടെയാണ് ക്രൈം ബ്രാഞ്ച് സംഘം മോൻസണെ അറസ്റ്റ് ചെയ്തത്. ഈ സമയം സ്വന്തം ഗുണ്ടാ സംഘവും ഇൻസ്‌പെക്‌ടർ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരും വീട്ടിലുണ്ടായിരുന്നു.
ചേർത്തലയ്ക്ക് സമീപത്തെ ചാരമംഗലത്തെ മാവുങ്കല്‍ വീട്ടിലായിരുന്നു ചെറുപ്പ കാലം. പോളിടെക്‌നികിന് ചേർന്നിരുന്നതായി പരിസര വാസികൾ പറയുന്നു. പിന്നീട് െസമിനാരിയില്‍ ചേർന്നെങ്കിലും വിവാദ വിവാഹത്തോടെ അത് അവസാനിച്ചു. കൊച്ചിയിലെത്തും മുൻപ് തന്നെ സെക്കൻഡ് ഹാൻഡ് വാഹന കച്ചവടവും പുരാവസ്തു വ്യാപാരവും സൗന്ദര്യ വർധക ചികിത്സയും നടത്തിയിരുന്നു.
അതിനിടെ ഡോക്‌ടർ എന്ന് പേരിനൊപ്പം ചേർത്തു. പൊലീസും രാഷ്ട്രീയക്കാരുമായി വൻ ബന്ധങ്ങൾ ഉണ്ടാക്കിയെടുത്തു. 25 വർഷം നീണ്ട തട്ടിപ്പ് യാത്ര അവസാനിക്കുന്നില്ല. സാമ്പത്തിക തട്ടിപ്പ് അടക്കം പലർക്കും പുറത്തു പറയാൻ പറ്റാത്ത പരാതികൾ മോൻസണുമായി ബന്ധപ്പെട്ട് നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ തട്ടിപ്പിന്‍റെ തമ്പുരാൻ റിമാൻഡിലാണ്. ബാക്കി പറയേണ്ടത് കേസ് അന്വേഷിക്കുന്ന പൊലീസാണ്.