കോഴിക്കോട്:ചെങ്കല്ല് കൊത്തും, തെങ്ങ് കയറും, കടല്‍ഭിത്തി നിർമാണത്തിന് പോകും, ഹോട്ടല്‍ ജോലിയും ബാലന് ജീവിത മാർഗമാണ്. പക്ഷേ ഏത് തൊഴില്‍ ചെയ്യുമ്പോഴും കൊയിലാണ്ടി സ്വദേശിയായ ബാലൻ പൊയില്‍ക്കാവ് ഹൃദയം നിറഞ്ഞ് സന്തോഷിക്കുന്നത് കുരുത്തോലയണിഞ്ഞ് പാള കൊണ്ട് കുതിരത്തല കെട്ടി നാടായ നാട്ടിലൊക്കെ തുടി കൊട്ടി ആടുമ്പോഴാണ്. കൂലി വേല ചെയ്ത് ജീവിക്കുമ്പോഴും കുതിരക്കോലം കെട്ടുന്ന ബാലനാണ് നാടിന്‍റെ ജീവൻ. ശ്രീരാമൻ യുദ്ധം ജയിച്ചതിന്‍റെ ആഹ്ളാദത്തിൽ ക്ഷേത്രാങ്കണങ്ങളിൽ കെട്ടിയാടുന്ന നാടൻ കലാരൂപമാണ് കുതിരക്കോലം.
കുതിരക്കോലം കെട്ടിയാടുന്ന ബാലന് ഓർക്കാനും പറയാനും കഥകൾ ഏറെയുണ്ട് - നാട്ടുവാർത്ത
കുരുത്തോലയണിഞ്ഞ് പാള കൊണ്ട് കുതിരത്തല കെട്ടി നാടായ നാട്ടിലൊക്കെ ബാലൻ തുടി കൊട്ടി ആടി. ശ്രീരാമൻ പട ജയിച്ചതിൻ്റെ ആഹ്ളാദത്തിൽ ക്ഷേത്രങ്കണങ്ങളിൽ കെട്ടിയാടുന്ന നാടൻ കലാരൂപമാണ് കുതിരക്കോലം.
![കുതിരക്കോലം കെട്ടിയാടുന്ന ബാലന് ഓർക്കാനും പറയാനും കഥകൾ ഏറെയുണ്ട് the State Folklore Academy Award കോഴിക്കോട് സംസ്ഥാന ഫോക് ലോർ അക്കാദമി അവാർഡ് കുതിരക്കോലം കോഴിക്കോട് വാർത്തകൾ latest news of the hour നാട്ടുവാർത്ത latest local news of the hour](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9222270-thumbnail-3x2-balan-knr.jpg)
ഇപ്പോഴിതാ സംസ്ഥാന ഫോക്‌ലോർ അവാർഡും ബാലനെ തേടിയെത്തി. വളരെ ചെറുപ്പത്തിലേ വയലിലും പറമ്പിലും പണിക്കിറങ്ങിയാണ് ജീവിതം തുടങ്ങിയത്, പക്ഷേ എവിടെയായാലും ക്ഷേത്രമുറ്റത്തെത്തും. വിളക്കുകളിൽ തിരിതെളിയിക്കും. പിന്നെ നാമജപവും ഭജനയും. മുപ്പതാം വയസ്സിലാണ് കുതിരക്കോലം കെട്ടിത്തുടങ്ങിയത്.
അവിടെയും തീരുന്നില്ല കഥകൾ, തൊണ്ടിലും ചകിരിയിലും കല്ലിലും വേരിലും മരക്കൊമ്പിലുമെല്ലാം ഓരോ രൂപങ്ങളുണ്ടെന്ന് ബാലൻ പറയും. കരിങ്കല്ലിന് കണ്ണുകളും വാലും നൽകിയപ്പോൾ അത് എലിയായി, ദിശയൊന്ന് മാറ്റിയാൽ അത് തവളയാകും. തൊണ്ടിൽ വിരിഞ്ഞ നിരവധി പക്ഷികൾ, മൃഗങ്ങൾ, ആമ, തോണി എന്തിന് ഉമ്മൻചാണ്ടി വരെയുണ്ട് ബാലന്‍റെ വീട്ടില്‍. കഥകൾ അവസാനിക്കുന്നില്ല. എഴുപത് വയസായി ബാലന്. വെള്ളത്തില്‍ അഭ്യാസം കാണിക്കുന്ന ബാലൻ അഞ്ച് ജീവനുകളാണ് രക്ഷപ്പെടുത്തിയിട്ടുള്ളത്. കിണറ്റിൽ വീണ മൂന്ന് പേരും ഒഴുക്കിൽ പെട്ട പെൺകുട്ടിയും ഒരു പശുവും ബാലന്‍റെ കൈ പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരാണ്. യൗവനത്തിലെ ധീരകഥകൾ ഒരുപാടുണ്ട് ഈ കുതിരക്കോലം കലാകാരന് പറയാൻ. ഫോക്‌ലോർ അവാർഡ് ബാലനെ തേടിയെത്തിയപ്പോൾ അത് വൈകിയെത്തിയ അംഗീകാരമായി പോലും ബാലൻ ചിന്തിക്കുന്നില്ല. ഭാര്യയും ഏകമകനുമടങ്ങുന്ന കുടുംബത്തിന് പങ്കുവെയ്ക്കാൻ സന്തോഷം മാത്രം.