കോഴിക്കോട്:കെ-റെയിലുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ ചർച്ചയാകുന്ന സാഹചര്യത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി റവന്യു വകുപ്പ്. നാട്ടൊരുമ പൗരാവകാശ സമിതി കേരള എക്‌സിക്യൂട്ടിവ് മെമ്പർ സെയ്‌തലവി തിരുവമ്പാടി വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് റവന്യു വകുപ്പ് നൽകിയ മറുപടിയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്.
കെ-റെയിൽ: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി റവന്യു വകുപ്പ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി എന്നിവർക്കാണ് സെയ്‌തലവി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. ഭൂവുടമയുടെ അനുമതി ഇല്ലാതെ കല്ല് സ്ഥാപിക്കുന്നത് ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണന്ന് വ്യക്തമാക്കുന്ന നിയമവകുപ്പുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അനുവദിക്കണമെന്ന ചോദ്യത്തിനുള്ള മറുപടിയാണ് സർക്കാരിന് തന്നെ തിരിച്ചടിയായത്.
1958ലെ ഭൂമി വിട്ടൊഴിയൽ നിയമത്തിലെ വകുപ്പ് 4 പ്രകാരം സർക്കാരിലേക്ക് അപേക്ഷ നൽകാത്തതും, 2013ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസ നിയമപ്രകാരം സർക്കാർ ഏറ്റെടുക്കാത്തതുമായ ഭൂമിയിൽ കെ-റെയിൽ എന്ന് രേഖപ്പെടുത്തി അതിർത്തി നിർണയിച്ച് ഭൂവുടമയുടെ അനുമതി ഇല്ലാതെ കല്ല് സ്ഥാപിക്കുന്നത് ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണന്ന് വ്യക്തമാക്കണമെന്ന് സെയ്‌തലവി ആവശ്യപ്പെട്ടു.
ALSO READ:കരിച്ചാറാ പൊലീസ് അതിക്രമം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ അതിർത്തി കല്ല് സ്ഥാപിക്കുന്നതിന് റവന്യു വകുപ്പിൽ നിന്നും നിർദേശം നൽകിയിട്ടില്ലന്നാണ് ചോദ്യത്തിന് നൽകിയ മറുപടിയിൽ പറയുന്നത്. ഇതോടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകൾ സ്ഥാപിക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണന്ന് സെയ്‌തലവി ചോദിക്കുന്നു. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ സർക്കാർ നിർദേശമില്ലാതെ കല്ല് സ്ഥാപിച്ച ഉദ്യോഗസ്ഥർക്കും അവർക്ക് കൂട്ടുനിന്നവർക്കുമെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും സെയ്‌തലവി ആവശ്യപ്പെട്ടു.
കാസർഗോഡ് നിന്നും നാല് മണിക്കൂറിൽ താഴെ സമയം കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരാൻ സാധിക്കുന്ന അതിവേഗ പാതയ്‌ക്കെതിരെ സംസ്ഥാനമാകെ നടക്കുന്ന പ്രതിഷേധങ്ങൾ ഇല്ലാതാക്കാനായി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി റവന്യു വകുപ്പ് തന്നെ മറുപടി നൽകിയിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് എതിർപ്പറിയിച്ചവരുൾപ്പെടെ പങ്കെടുപ്പിച്ച് അടുത്ത ദിവസം സർക്കാർ പാനൽ ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം പദ്ധതിക്ക് കേന്ദ്ര റെയിൽവെ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയതായും മറുപടിയിൽ പറയുന്നു.