കോഴിക്കോട്:തൂണേരി മുടവന്തേരിയിൽ നിന്ന് തട്ടികൊണ്ട് പോയ പ്രവാസി വ്യവസായിയെ രണ്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. മുടവന്തേരി സ്വദേശി മേക്കര താഴേകുനി എം. ടി. കെ. അഹമ്മദ് (53) നെയാണ് ശനിയാഴ്ച്ച പുലർച്ചെ കാറിൽ തട്ടിക്കൊണ്ട് പോയത്. വീടിന് സമീപത്തെ എണവള്ളൂർ പള്ളിയിൽ പ്രാർഥനക്കായി സ്ക്കൂട്ടറിൽ സഞ്ചരിക്കവെ സ്ക്കൂട്ടർ തടഞ്ഞ് നിർത്തി കാറിലെത്തിയ സംഘം ബലമായി കാറിൽ പിടിച്ചു കയറ്റി കൊണ്ട് പോവുകയായിരുന്നു. അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഡോ എ . ശ്രീനിവാസന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
തട്ടിക്കൊണ്ട് പോയ പ്രവാസിയെ കണ്ടെത്താനായില്ല; അന്വേഷണം ക്വട്ടേഷൻ സംഘങ്ങൾ കേന്ദ്രീകരിച്ച് - കോഴിക്കോട് വാർത്ത
കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ ക്വട്ടേഷൻ സംഘങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്
ജില്ലാ പൊലീസ് സൂപ്രണ്ട് മുടവന്തേരിയിലെ അഹമ്മദിന്‍റെ വീട്ടിലെത്തി ഭാര്യയിൽ നിന്നും മക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ ക്വട്ടേഷൻ സംഘങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തട്ടിക്കൊണ്ട് പോയവർ പ്രൊഫഷണൽ സംഘമാണെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. അഹമ്മദിന്‍റെ ഖത്തറിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിച്ച് വരികയാണ്. കഴിഞ്ഞ ദിവസം ഖത്തറിലുള്ള ഇയാളുടെ സഹോദരന് ചിലർ, പണം തന്നാൽ അഹമ്മദിനെ വിട്ടയക്കാമെന്ന് വാട്സ് ആപ്പ് സന്ദേശം നൽകിയിട്ടുണ്ട്. വീട്ടുകാരോട് ഒരു കോടി മോചന ദ്രവ്യം ആവശ്യപ്പെട്ടും സന്ദേശം ലഭിച്ചു.
തട്ടിക്കൊണ്ട് പോകലിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ ഈ വഴിക്കും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊവിഡ് ആയതിനാൽ പള്ളിയിൽ പുലർച്ചെ പ്രാർഥനക്ക് ഇയാൾ രണ്ട് ദിവസമേ ആയിട്ടുള്ളൂ പോകാൻ തുടങ്ങിയിട്ട്. ഇതു കൊണ്ട് തന്നെ അഹമ്മദിന്‍റെ യാത്രാ വിവരങ്ങൾ കൃത്യമായി അറിയുന്നതിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി നാല് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വടകര സൈബർ സെൽ സംഘം നാദാപുരം കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇതിനിടെ ഞായറാഴ്ച്ച രാവില അഹമ്മദിന്‍റെ വാട്സ് ആപ്പ് സന്ദേശം ബന്ധുക്കൾക്ക് ലഭിക്കുകയുണ്ടായി. ബോട്ടിൽ തടവിലാണെന്നും എത്രയും പെട്ടെന്ന് ഇവർ ആവശ്യപ്പെടുന്ന പണം നൽകണമെന്നുമുള്ള സന്ദേശമാണ് ലഭിച്ചത്. എം എൽ എ മാരായ ഇ.കെ.വിജയൻ, പാറക്കൽ അബ്ദുള്ള എന്നിവർ അഹമ്മദിന്‍റെ വീട് സന്ദർശിച്ച് വീട്ടുകാരുമായി കൂടിക്കാഴ്ച്ച നടത്തി.