കോഴിക്കോട് : കസ്‌തൂരി രംഗൻ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധത്തിനിടെ താമരശേരി വനം വകുപ്പ് ഓഫിസ് ആക്രമിച്ച കേസിൽ സാക്ഷി കോടതിയിൽ മൊഴിമാറ്റി. ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുബ്രഹ്മണ്യനാണ് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന് കോടതിയെ ബോധിപ്പിച്ചത്. കൂറുമാറിയ മൂന്ന് സാക്ഷികളെയും വിസ്‌തരിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി.എസ് സജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുബ്രഹ്മണ്യൻ, സിവിൽ പൊലീസ് ഓഫിസർ സുരേഷ് എന്നിവർക്കാണ് കോടതി നോട്ടിസ് അയച്ചത്. റേഞ്ച് ഓഫിസർ ടി.എസ് സജുവിൻ്റെ മൊഴി കോടതി രേഖപ്പെടുത്തി. സുരേഷിനോട് മാർച്ച് ഒന്നിന് ഹാജരാകാനും കോടതി നിർദ്ദേശിച്ചു.
കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിൽ ഇനി പുതുതായി സാക്ഷി വിസ്‌താരം അനുവദിക്കരുതെന്ന പ്രതിഭാഗം വാദം തള്ളിയാണ് കോടതി നടപടി. 2013 നവംബർ 15ന് കസ്‌തൂരിരംഗൻ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് നടന്ന ഹർത്താലിനിടെയാണ് വനം വകുപ്പ് ഓഫിസ് ആക്രമിക്കപ്പെട്ടത്.
നടന്നത് വലിയ രീതിയിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍:മലയോര മേഖല മുന്‍പ് കാണാത്ത രീതിയിലുളള അഴിഞ്ഞാട്ടമായിരുന്നു പട്ടാപ്പകല്‍ അരങ്ങേറിയത്. മലയോര മേഖലകളില്‍ നിന്ന് ടിപ്പറുകളിലും ചെറു ലോറികളിലുമായെത്തിയ ആള്‍ക്കൂട്ടം താമരശേരി വനംവകുപ്പ് ഓഫിസ് ആക്രമിച്ചു. ഫയലുകള്‍ തീയിട്ട് നശിപ്പിച്ചു.
വനം വകുപ്പ് ജീവനക്കാരെ ആക്രമിക്കുകയും ചെയ്‌തു. കെഎസ്ആര്‍ടിസി ബസും മാധ്യമങ്ങളുടെ വാഹനങ്ങളും അടക്കം അക്രമികള്‍ തകര്‍ത്തിരുന്നു. മണിക്കൂറുകളോളമാണ് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. ലോക്കല്‍ പൊലീസ് തുടക്കമിട്ട അന്വേഷണം പിന്നീട് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
അക്രമികളുടെ ദൃശ്യങ്ങളും ഇവര്‍ എത്തിയ വാഹനങ്ങളും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുമടക്കം നിര്‍ണായക തെളിവുകളെല്ലാം അന്വേഷണസംഘം ശേഖരിച്ചിരുന്നു. നൂറുകണക്കിന് ആളുകള്‍ അക്രമത്തിലുണ്ടായിരുന്നെങ്കിലും കൃത്യമായ തെളിവുകളോടെ 35 പേരെയാണ് പ്രതി ചേര്‍ത്തത്. സംഭവത്തിന് ദൃക്‌സാക്ഷികളാവുകയും പ്രതികളെ പിടികൂടുകയും ചെയ്‌ത ഉദ്യോഗസ്ഥരടക്കമുളളവരെ സാക്ഷികളാക്കി.
ഇതുവഴി കേസിന് ബലം പകരാനായിരുന്നു അന്വേഷണം നടത്തിയ ജില്ല ക്രൈംബ്രാഞ്ചിന്‍റെ നീക്കം. എന്നാല്‍ ഏറ്റവും നിര്‍ണായക സാക്ഷികളാണ് പിന്നീട് കൂറുമാറിയത്. ഹാജരായ ഒരു സാക്ഷി മൊഴിമാറ്റിയ സാഹചര്യത്തിൽ ഇയാൾ വീണ്ടും കൂറുമാറിയതായി പ്രഖ്യാപിക്കപ്പെടാനാണ് സാധ്യത.