കോഴിക്കോട്:നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പൈതൃകമുള്ള തളി ക്ഷേത്ര പരിസരം നാൾക്കുനാൾ നശിക്കുന്നു. തളി ഭാഗത്തേക്ക് വരുന്ന കണ്ടംകുളം റോഡ് ടാർ ചെയ്‌തിട്ട് അഞ്ചുവർഷത്തോളമായി. നിലവില്‍ റോഡിന് നടുവിൽ മാത്രമാണ് ടാറിട്ട ഭാഗം അവശേഷിക്കുന്നത്. കുടിവെള്ള പൈപ്പിനും കേബിളിനുമായി കുത്തിപ്പൊളിച്ച റോഡ് ടാർ ഇടാതെ മൂടിയിരിക്കുകയാണ്.
പരാധീനതകളില്‍ വലഞ്ഞ് തളി ക്ഷേത്ര പരിസരം - Thali Temple
തളിയുടെ പരിസരത്തെ പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
മാലിന്യ സംസ്‌കണത്തിന്‍റെ പേരില്‍ കണ്ടംകുളം ജൂബിലി ഹാൾ പരിസരത്ത് കൂട്ടിയിട്ട മാലിന്യവും അതില്‍ നിന്നുയരുന്ന ദുര്‍ഗന്ധവും പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. മൂന്നുമാസമായി ഇവിടുത്തെ മാലിന്യം സംസ്‌കരിച്ചിട്ട്. മാലിന്യം നീക്കംചെയ്യാൻ അധികാരികളോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യ ചാക്കിൽ നിന്ന് ഉയരുന്ന ദുർഗന്ധം കാരണം കൂടുതൽ ബുദ്ധിമുട്ടുന്നത് സമീപത്തുള്ള വീട്ടുകാരും ടെമ്പോ സ്റ്റാൻഡ് ഡ്രൈവർമാരുമാണ്.
സന്ധ്യമയങ്ങിയാൽ ജൂബിലി ഹാളിന്‍റെ പരിസരം സാമൂഹ്യവിരുദ്ധരുടെ ഇടത്താവളം കൂടിയാണ്. തളിയിലേക്കുള്ള കണ്ടംകുളം റോഡ് കഴിഞ്ഞ് സി.വി നാരായണ അയ്യർ റോഡിലേക്ക് കടന്നാൽ ഇരുവശത്തും സ്ലാബ് ഇട്ടു മൂടാത്ത അഴുക്കുചാലാണ്. ആഴമുള്ള ഓവുചാൽ നിർമിക്കുകയോ നിലവിലുള്ള ഓവുചാൽ സ്ലാബ് ഇട്ടു മൂടുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തളിയുടെ പരിസരത്തെ പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ട് നാളിതുവരെയായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നുള്ള വാഗ്‌ദാനങ്ങൾ മാത്രമാണ് അധികാരികളിൽ നിന്നും ലഭിക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു.