കേരളം

kerala

ETV Bharat / state

തളി പൈതൃക പദ്ധതിയെന്ന് പി.എ മുഹമ്മദ് റിയാസ്

തളി ക്ഷേത്രവും അതിനോട്‌ ചേർന്നുള്ള കുളവും ആൽമരങ്ങളുമെല്ലാം നവീകരിച്ച് സംരക്ഷിക്കുകയെന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു

തളി പൈതൃക പദ്ധതി  തളി  പി.എ മുഹമ്മദ് റിയാസ്  രേവതിപട്ടത്താനം  PA Mohammad Riyaz  Thali is a heritage project  heritage project  തളി ക്ഷേത്രക്കുളം
തളി പൈതൃക പദ്ധതിയെന്ന് പി.എ മുഹമ്മദ് റിയാസ്

By

Published : Jul 3, 2021, 10:55 AM IST

Updated : Jul 3, 2021, 1:18 PM IST

കോഴിക്കോട്‌: കോഴിക്കോടിന്‍റെ സാംസ്കാരിക പൈതൃകത്തിനും സാമുദായിക ബഹുസ്വരതയ്ക്കും തിലകക്കുറിയാണ് തളി പൈതൃക പദ്ധതിയെന്ന് വിനോദ സഞ്ചാര-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തളി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച തളി ക്ഷേത്രക്കുള പരിസരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

തളി പൈതൃക പദ്ധതിയെന്ന് പി.എ മുഹമ്മദ് റിയാസ്

ക്ഷേത്രം നവീകരിച്ച്‌ സംരക്ഷിക്കുക ലക്ഷ്യം

കേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രമാണ് തളി. സാമൂതിരി രാജവംശത്തിലെ പഴയ സുവർണ കാലഘട്ടത്തിന്‍റെ അവശേഷിക്കുന്ന ചരിത്രശേഷിപ്പ് കൂടിയാണ് തളി ക്ഷേത്രമെന്ന് മന്ത്രി പറഞ്ഞു. തെക്കേ ഇന്ത്യയിൽ പെരുമ നേടിയ വൈജ്ഞാനിക സദസായ രേവതിപട്ടത്താനം തളി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് നടത്തിയതെന്ന് എടുത്തു പറയേണ്ട കാര്യമാണ്.

തളി ക്ഷേത്രവും അതിനോട്‌ ചേർന്നുള്ള കുളവും ആൽമരങ്ങളുമെല്ലാം നവീകരിച്ച് സംരക്ഷിക്കുകയെന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിച്ചു. വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച 1.25 കോടിയും 75 ലക്ഷം എംഎല്‍എ ഫണ്ടും ഉപയോഗിച്ചാണ് തളി ക്ഷേത്രക്കുളവും പരിസരവും നവീകരിച്ചത്.

കാഴ്‌ച്ചക്കാർക്ക്‌ ദ്യശ്യഭംഗിയൊരുക്കി ചിത്രങ്ങൾ

പദ്ധതിയുടെ ഭാഗമായി കുളം നവീകരിച്ച് സംരക്ഷണ ഭിത്തി കെട്ടി പെയിന്‍റിംഗ്‌ ജോലികളും പൂര്‍ത്തിയാക്കി. കുളത്തിന്‍റെ ഭാഗമായുള്ള ആറാട്ട് കടവ്, വടക്കു ഭാഗത്ത് കുളപ്പുരകള്‍ എന്നിവ പുനര്‍നിര്‍മിച്ചു. കിഴക്ക് ഭാഗത്ത് ഗ്രാനൈറ്റ് പതിച്ച ഇരിപ്പിടങ്ങള്‍ക്ക് സമീപം കുളത്തിന് അഭിമുഖമായി നിര്‍മിച്ച എട്ട് ചുമരുകളിലാണ് സിമന്‍റിൽ ചിത്രങ്ങള്‍ തയ്യാറാക്കിയത്. സാമൂതിരി ഭരണകാലത്തെ വിവിധ ദൃശ്യങ്ങളാണ് ഈ ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്.

ചിത്രങ്ങളുടെ വിവരണങ്ങള്‍ ചുമരിന് പിന്നില്‍ പതിച്ചിട്ടുണ്ട്. അരിയിട്ട് വാഴ്ച, രാജാവിന്‍റെ എഴുന്നള്ളത്ത്, മാമാങ്കം, രേവതിപട്ടത്താനം, മങ്ങാട്ടച്ഛനും പൂന്താനവും, ത്യാഗരാജ സംഗീത സഭ, കൃഷ്ണനാട്ടം, തളിയിലെ സദ്യ എന്നിവയാണ് ചുമരിലെ ചിത്രങ്ങളില്‍ ഒരുക്കിയ ചരിത്രദൃശ്യങ്ങള്‍. റോഡരികില്‍ ക്ഷേത്ര മതിലിനോട് ചേര്‍ന്നാണ് ഔഷധച്ചെടികള്‍, പൂജാപുഷ്പങ്ങള്‍ തുടങ്ങിയവയുള്ള സസ്യോദ്യാനം നിര്‍മിച്ചത്.

നടപ്പാതയും പടവുകളും

ആല്‍ത്തറകള്‍ സന്ദര്‍ശകര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യമൊരുക്കി നവീകരിച്ചു. മികച്ച ശബ്ദ-വെളിച്ച സംവിധാനം, എല്‍ഇഡി വാള്‍ എന്നിവ സജ്ജീകരിച്ചാണ് സ്റ്റേജ് നവീകരിച്ചത്. നടപ്പാതയും പടവുകളും നിര്‍മിച്ചു. മ്യൂസിയം, ലൈബ്രറി എന്നിവയും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്കും ക്ഷേത്രത്തിലെത്തുന്നവര്‍ക്കും നയനാനന്ദകരമായ കാഴ്ചകളൊരുക്കിയാണ് നവീകരണം പൂര്‍ത്തിയാകുന്നത്.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ നവീകരണ പദ്ധതി രൂപകല്‍പ്പന ചെയ്തത് എന്‍ഐടി ആര്‍കിടെക്ചറല്‍ വിഭാഗം പ്രൊഫ.എ.കെ കസ്തൂര്‍ബയാണ്. ജില്ലാ നിര്‍മിതി കേന്ദ്രക്കായിരുന്നു നിര്‍മാണ ചുമതല. ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ്, എം.കെ.രാഘവൻ എം പി, എംഎൽഎ ഡോ.എം.കെ.മുനീർ, ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ്, ജില്ല കലക്ടർ സാംബശിവ റാവു, വിനോദസഞ്ചാരവകുപ്പ് മേഖല ജോയിന്‍റ്‌ ഡയറക്ടർ സി.എൻ.അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Jul 3, 2021, 1:18 PM IST

ABOUT THE AUTHOR

...view details