കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവെയർ വിജിലൻസ് പിടിയിൽ. താമരശേരി താലൂക്ക് സർവെയർ നസീർ ആണ് പിടിയിലായത്. ക്വാറിയിലേക്കുള്ള വഴി സർവ്വേ നടത്താനാണ് കൈക്കൂലി വാങ്ങിയത്.
പതിനായിരം രൂപ കൈപ്പറ്റിയപ്പോഴാണ് വിജിലൻസ് പിടി വീണത്. കൂടരഞ്ഞി സ്വദേശി അജ്‌മലിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഗൂഗൾ പേ വഴി പതിനായിരം രൂപ ആദ്യം നസീർ കൈപ്പറ്റിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് അജ്‌മൽ വിജിലൻസിനെ സമീപിച്ചത്.
സർവെയറെ പിടികൂടുന്നതിനിടെ വലിയൊരു അബദ്ധവും വിജിലൻസിന് സംഭവിച്ചു. താമരശേരി തഹസിൽദാരുടെ യാത്രയയപ്പ് നടക്കുകയായിരുന്നു ഇന്ന്. കൈക്കൂലി കൈപ്പറ്റിയ നസീറും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
എന്നാൽ ആളുമാറി വിജിലൻസ് ആദ്യം പിടികൂടിയത് തഹസിൽദാരെയായിരുന്നു. സർവെയറും തഹസിൽദാരും ഒരേ പോലെയുള്ള വേഷമായിരുന്നു ധരിച്ചിരുന്നത്. തഹസിൽദാർ പിടിയിലായതോടെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. അബദ്ധം മനസിലായതോടെ നസീറിനെ കസ്‌റ്റഡിയിലെടുത്ത് പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് കൈക്കൂലി പണം കണ്ടെത്തിയത്.
വിജിലൻസ് ഡിവൈഎസ്‌പി സുനിൽകുമാറിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നിരവധി പരാതികളാണ് സർവെയർക്കെതിരെ ഉണ്ടായിരുന്നത്. നസീറിൻ്റെ സ്വത്തുവിവരങ്ങളെ കുറിച്ച് അന്വേഷിക്കാനുള്ള നീക്കത്തിലാണ് വിജിലൻസ്.
സെന്‍ട്രല്‍ ജിഎസ്‌ടി എസ്‌പി പിടിയില്‍: അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെന്‍ട്രല്‍ ജിഎസ്‌ടി എസ്‌പി വിജിലന്‍സ് പിടിയിലായിരുന്നു. സെന്‍ട്രല്‍ ടാക്‌സ് ആന്‍റ് സെന്‍ട്രല്‍ എക്‌സൈസ് കോഴിക്കോട് ബ്രാഞ്ച് എസ് പി പ്രവീന്ദര്‍ സിങ്ങിനെയാണ് വയനാട് വിജിലന്‍സ് ഡിവൈഎസ്‌പി, സിബി തോമസും സംഘവും അറസ്‌റ്റ് ചെയ്‌തത്. കല്‍പ്പറ്റ പുതിയ ബസ് സ്‌റ്റാന്‍ഡിന് എതിര്‍വശം മജസ്‌റ്റിക്കില്‍വച്ച് മാനന്തവാടി സ്വദേശിയായ പിഡബ്ല്യുഡി കരാറുകാരനില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഹരിയാന സ്വദേശിയാണ് പിടിയിലായ പ്രവീന്ദ്ര സിങ്
റവന്യു ഇന്‍സ്‌പെക്‌ടര്‍ പിടിയില്‍:കഴിഞ്ഞമാസം തന്നെ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ കോര്‍പറേഷന്‍ റവന്യു ഇന്‍സ്‌പെക്‌ടര്‍ വിജിലന്‍സിന്‍റെ പിടിയിലായിരുന്നു. തൃശൂര്‍ കണിമംഗലം സോണല്‍ ഓഫിസിലെ ഇന്‍സ്‌പെക്‌ടര്‍ നാദിര്‍ഷയാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ തൃശൂര്‍ വിജിലന്‍സ് സംഘം അറസ്‌റ്റ് ചെയ്‌തത്.
കണിമംഗലം സ്വദേശിയുടെ പക്കല്‍ നിന്ന് വീടിന്‍റെ വസ്‌തു മാറ്റുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് തൃശൂര്‍ കോര്‍പറേഷന്‍ റവന്യു ഇന്‍സ്‌പെക്‌ടര്‍ നാദിര്‍ഷ വിജിലന്‍സിന്‍റെ പിടിയിലായത്. അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കണിമംഗലം സോണല്‍ ഓഫിസില്‍ പരാതിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഓണര്‍ഷിപ്പ് മാറ്റുന്നതിനായി ഉദ്യോഗസ്ഥന്‍ 200 രൂപ ആവശ്യപ്പെടുകയായിരുന്നു.
വിദ്യാഭ്യാസ ഓഫിസുകളില്‍ വ്യാപക ക്രമക്കേട്:അതേസമയം,കഴിഞ്ഞ മാസം ജില്ല വിദ്യാഭ്യാസ ഓഫിസകളില്‍ വിജിലന്‍സ് നടത്തിയ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യാപകമായി 14 ജില്ല ഓഫീസുകളിലും പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിലുമാണ് ഓപ്പറേഷന്‍ ജ്യോതി 2 എന്ന പേരില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ഡിഎംഒ ഓഫിസുകളില്‍ എയ്‌ഡഡ് സ്‌കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നിരവധി അഴിമതികള്‍ നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.