കോഴിക്കോട്:രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേരെ ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ. 500 എന്നത് ഒരു വലിയ സംഖ്യ തന്നെ എന്ന തലക്കെട്ടോടെയാണ് കത്ത്. കേരള സമൂഹം ഒന്നടങ്കം മഹാമാരിയുടെ രണ്ടാം വരവിന് മുന്നിൽ ശക്തമായ പ്രതിരോധം തീർക്കാൻ പെടാപ്പാട് പെടുകയാണ്. ഉറ്റവരെയും ഉടയവരെയും മാറ്റി നിർത്തി ആരോഗ്യ പ്രവർത്തകർ അക്ഷീണം പ്രയത്നിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങളുടെ ചിട്ടയായ പാലനത്തിന് നേതൃത്വം നൽകുന്ന ഒരു ഭരണാധികാരിയാണ് പിണറായി വിജയൻ.
നിയമ ലംഘനങ്ങൾക്കു മേൽ കർക്കശമായ നടപടികൾ സ്വീകരിക്കാൻ അനുശാസിക്കുന്ന ഒരു ഗവൺമെന്‍റിന്‍റെ ഭാഗത്ത് നിന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലയിൽ വച്ച് സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനം അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. രോഗവ്യാപന തോത് കുറയ്ക്കുവാൻ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കം നടപ്പിലാക്കിയ ഈ സാഹചര്യത്തിൽ രോഗവ്യാപന സാധ്യത മനസ്സിലാക്കി ചടങ്ങിൽ പങ്കെടുക്കുന്നവർ രോഗവാഹകരായി മാറി സാധാരണ ജനങ്ങളിലേക്ക് കൂടി രോഗം പടർത്തുന്നതിലുള്ള ഗുരുതരാവസ്ഥയെ മുന്നിൽ കണ്ട് അനുചിതമായ ഈ തീരുമാനം മാതൃകാപരായി ഒഴിവാക്കണമെന്നും കോളജ് യൂണിയൻ ആവശ്യപ്പെട്ടു.
കത്തിൻ്റെ പൂർണ രൂപം
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,
കേരള ജനത പ്രതീക്ഷയോടെയും അത്യാധികം വിശ്വാസമർപ്പിച്ചുമാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ തുടർ ഭരണം എന്ന നാഴികക്കല്ല് സൃഷ്ടിച്ചു കൊണ്ട് രണ്ടാം പിണറായി സർക്കാരിനെ തെരഞ്ഞടുത്തത്. ഈ തിളക്കമാർന്ന വിജയത്തിനുള്ള അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് തന്നെ പറയട്ടെ. കേരള സമൂഹം ഒന്നടങ്കം മഹാമാരിയുടെ രണ്ടാം വരവ്നു മുന്നിൽ ശക്തമായ പ്രതിരോധം തീർക്കാൻ പെടാപ്പാട് പെടുകയാണ് സർ. ഉറ്റവരെയും ഉടയവരെയും മാറ്റി നിർത്തി ആരോഗ്യ പ്രവർത്തകർ അക്ഷീണം പ്രയത്നിക്കുകയാണ് സർ . കൊവിഡ് മാനദണ്ഡങ്ങളുടെ ചിട്ടയായ പാലനത്തിന് നേതൃത്വം നൽകുന്ന ഒരു ഭരണാധികാരിയെന്ന നിലയിൽ, നിയമ ലംഘനങ്ങൾക്കു മേൽ കർക്കശമായ നടപടികൾ സ്വീകരിക്കാൻ അനുശാസിക്കുന്ന ഒരു ഗവൺമെന്‍റിന്‍റെ ഭാഗത്ത് നിന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലയിൽ വച്ച് തന്നെ മെയ് 20ന് നിയുക്ത സർക്കാരിന്‍റെ സത്യപ്രതിജ്ഞ 500 പേരെ ഉൾക്കൊളളിച്ചു കൊണ്ട് നടത്താനുള്ള തീരുമാനം അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.