കോഴിക്കോട്:കോഴിക്കോട് വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്റ്റന്‍റ് കമാൻഡന്‍റ് നവീൻ കുമാറിന് സസ്പെന്‍ഷന്‍. സിഐഎസ്എഫ് ഡയറക്‌ടർ ജനറല്‍ നീന സിങ്ങിന്‍റേതാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ (ഒക്‌ടോബര്‍ 12) ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി.
നവീന്‍ താമസിക്കുന്ന കൊട്ടപ്പുറം തലേക്കരയിലെ ഫ്ലാറ്റില്‍ കൊണ്ടോട്ടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നവീനിന് പുറമെ മറ്റൊരു കസ്റ്റംസ് ഉദ്യോഗസ്ഥന് കൂടി കേസില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയതായാണ് സൂചന. ഒക്‌ടോബര്‍ അഞ്ചിന് വിമാനത്താവളത്തിന് പുറത്ത് നിന്നും രണ്ട് യാത്രക്കാരില്‍ നിന്നായി പിടികൂടിയ സ്വര്‍ണ മിശ്രിതമാണ് നവീന്‍ കുമാറിന് കുരുക്കായത്.
503 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ കസ്റ്റംസ്, സിഐഎസ്‌എഫ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് നവീന്‍ കുമാറിലെത്തിയത്. കസ്റ്റഡിയിലെടുത്ത നവീനിനെ മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ചോദ്യം ചെയ്‌തിരുന്നു. ഇതോടെയാണ് കേസിലെ പങ്ക് തെളിഞ്ഞത്.