കോഴിക്കോട് :ലോക്‌സഭ തെരഞ്ഞെടുപ്പെന്ന അങ്കത്തട്ട് മുന്നിൽക്കണ്ട് കച്ചകെട്ടുകയാണ് രാഷ്ട്രീയ കക്ഷികൾ. നരേന്ദ്ര മോദി സർക്കാർ തുടർഭരണത്തിലേറിയത് വിഷാദത്തോടെ നോക്കിനിന്ന പ്രതിപക്ഷം, ഇത്തവണ പക്ഷേ അങ്ങനെയല്ല. ബിജെപിയും സഖ്യകക്ഷികളും അടങ്ങുന്ന വടവൃക്ഷത്തിൻ്റെ ചില്ലകളൊരോന്നായി ഒടിക്കാനുള്ള കരുനീക്കത്തിലാണ് പ്രതിപക്ഷം.
17 പ്രതിപക്ഷ കക്ഷികളാണ് അതിനായി ഒത്തുകൂടിയത്. എന്നാൽ, ഇതൊക്കെയെത്ര കണ്ടതാണെന്ന ഭാവത്തിൽ ഒരു പടികൂടി കടന്ന് വെല്ലുവിളി നടത്തിയിരിക്കുകയാണ് നരേന്ദ്ര മോദി. ഏക സിവിൽ കോഡാണ് പുതിയ ആയുധം. കേന്ദ്ര സർക്കാർ ഒരോ നീക്കങ്ങൾ നടത്തുമ്പോഴും അതിനെതിരെ ഒരു കൂട്ടായ്‌മ ഉയർന്നുവരുന്ന സവിശേഷ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ മുസ്‌ലിം സംഘടനകളുടെ ഐക്യത്തിന് കളമൊരുക്കുകയാണ് കേന്ദ്രത്തിന്‍റെ 'പുതിയ തന്ത്രമായ' ഏക സിവിൽ കോഡ്.
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയ്ക്ക് കീഴിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിങ്ങളും പ്രവർത്തിക്കുന്നത്. 1926 ജൂൺ 26ന് കോഴിക്കോട് ടൗൺഹാളിൽ രൂപീകൃതമായതാണ് ഈ സംഘടന. പണ്ഡിതർക്ക് ഇടയിൽ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങൾ വളർന്നുവലുതായതോടെ സംഘടന രണ്ടായി. 1989ലാണ് സമസ്‌ത എപി വിഭാഗമായും ഇകെ വിഭാഗമായും രണ്ടായത്. മുസ്‌ലിം ലീഗിന് എന്നും കരുത്തായി നിന്നത് ബഹുഭൂരിപക്ഷമുള്ള ഇകെ സുന്നികളായിരുന്നു. എന്നാൽ എപികൾക്ക് താത്‌പര്യം ഇടതിനോടും.
ലീഗുമായുള്ള ഐക്യ ആഗ്രഹവും പങ്കുവച്ച് എപി:അറ്റുപോയ സുന്നികളുടെ കണ്ണികളെ വീണ്ടും ഒന്നിപ്പിക്കാൻ ശ്രമങ്ങൾ ഒരുപാട് നടന്നു, പക്ഷേ ഫലം കണ്ടില്ല. മുസ്‌ലിം ലീഗിനെ വകവയ്‌ക്കാതെ ഇകെ വിഭാഗം പിണറായി സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടികൾ, കാറ്റ് മറ്റൊരു വഴിക്ക് നീങ്ങുന്നത് പോലെ തോന്നിച്ചിരുന്നു. ഇകെയിലെ വലിയൊരു വിഭാഗം അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിലുള്ള എപി വിഭാഗത്തിലേക്ക് ലയിക്കുമോ എന്നതായിരുന്നു ആ തോന്നൽ. ആ അന്തരീക്ഷം ഇടയ്ക്ക് മേഘാവൃതമായിരുന്നെങ്കിലും കാര്യമായ പെയ്‌ത്തൊന്നും ഉണ്ടായില്ല.
കാറ്റും കോളും അടങ്ങിയ അന്തരീക്ഷത്തെ പക്ഷേ ഏക വ്യക്തി നിയമം വീണ്ടും കലുഷിതമാക്കി. മുസ്‍ലിം ലീഗുമായി ഒന്നിച്ചുപോകാനാണ് ആഗ്രഹമെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാരുടെ തുറന്നുപറച്ചിൽ ചർച്ചകൾക്ക് വഴി തുറന്നു. രണ്ടായി നിൽക്കുന്ന സുന്നികൾ ഐക്യപ്പെടണമെന്ന അതിയായ ആഗ്രഹമാണ് കാന്തപുരം പങ്കുവച്ചത്. അത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് പറയുന്ന കാന്തപുരം, മുസ്‌ലിം സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും യോജിച്ച് മുന്നോട്ടുപോയാല്‍ മാത്രമേ രാജ്യത്തിന് പുരോഗതി ഉണ്ടാവൂ എന്നും കൂട്ടിച്ചേർത്തിരുന്നു. അത് ചിന്തിക്കാത്ത ചില ആളുകള്‍ ഇപ്പോഴും ബാക്കിയുണ്ട്, അതില്ലാതാകണം.
സ്വാഗതമേകി ലീഗും ഇകെ വിഭാഗവും :കാന്തപുരത്തിൻ്റെ ആഗ്രഹത്തെ ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ സ്വാഗതം ചെയ്‌തുകഴിഞ്ഞു. ഏക സിവിൽ കോഡിനെതിരെ മതേതര കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിക്കാൻ ലീഗ് നടത്തുന്ന ശ്രമത്തിന് വലിയ ശക്തി പകരുന്നതാണ് കാന്തപുരത്തിൻ്റെ തുറന്നുപറച്ചിൽ. ഇതിനെ ഇകെ സുന്നി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും സ്വാഗതം ചെയ്‌തിട്ടുണ്ട്. ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണ് ഇകെ സുന്നി എന്ന അടിവരയോടെയാണ് പ്രസ്‌താവന. ഈ രീതിയിൽ മുസ്‌ലിം സംഘടനകൾ ഒറ്റക്കെട്ടാവാനുള്ള ഒരുക്കം കൂട്ടുമ്പോൾ രാഷ്ട്രീയമായി ഇതിൽ ഉണ്ടാക്കുന്ന ചില ഗതിവിഗതികളും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഇടതിനൊപ്പം ചേർന്ന് പോകുന്ന കാന്തപുരം എപി വിഭാഗത്തിന് ചുരുങ്ങിയ ചില മണ്ഡലങ്ങളിൽ വോട്ട് സ്വാധീനമുണ്ട്. അതേസമയം, ലീഗിൻ്റെ വോട്ട് ബാങ്ക് തന്നെ ഇകെ സുന്നികളാണ്. കാന്തപുരം ആഗ്രഹിക്കുന്ന ഈ ഐക്യം ഫലവത്തായാൽ അത് ഇടതിനാണോ വലതിനാണോ ഗുണമാകുക എന്നതും ചിന്തിക്കേണ്ട വിഷയമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കാന്തപുരം വിഭാഗവും മുസ്‌ലിം ലീഗും തമ്മിൽ ശത്രുതയിലായിരുന്നു. ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റതിന് ശേഷമാണ് മഞ്ഞുരുക്കത്തിൻ്റെ കാറ്റ് വീശി തുടങ്ങിയത്. എന്നാൽ, ഈ സമുദായ ഐക്യത്തിൻ്റെ അലയൊലികളെ വോട്ട് രാഷ്ട്രീയവുമായി തട്ടിച്ച് നോക്കിയുള്ള സിപിഎമ്മിൻ്റേയും ലീഗിലെ മറ്റ് നേതാക്കളുടേയും പ്രസ്താവനകള്‍ നിർണായകമാണ്.
എന്തായാലും, ഏക സിവിൽ കോഡിൻ്റെ കരട് തയ്യാറായിരിക്കുകയാണ്. വർഷകാല സമ്മേളനത്തിൽ അത് അവതരിപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആരംഭിച്ചുകഴിഞ്ഞു. ഇതിനെതിരെ മുസ്‌ലിം സംഘടനകൾ കൂട്ടായി അണിനിരക്കുമ്പോള്‍ അതിൻ്റെ ഫലം എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.