വിദ്യാർത്ഥിയുടെ ആത്മഹത്യ : എബിവിപിയും യുവമോർച്ചയും മാർച്ച് നടത്തി - മലബാര്‍ ക്രിസ്ത്യൻ കൊളജിലേക്ക് നടന്ന മാര്‍ച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
മലബാര്‍ ക്രിസ്ത്യൻ കൊളജിലേക്ക് നടന്ന മാര്‍ച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ജസ്പ്രീത് സിംങ്ങ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവിശ്യപ്പെട്ട് ബിജെപിയുടെ വിദ്യാർത്ഥി, യുവജന സംഘടനകൾ മാർച്ച് നടത്തി. എബിവിപി, യുവമോർച്ച പ്രവര്‍ത്തകര്‍ മലബാർ ക്രിസ്ത്യൻ കോളജിലേക്ക് നടത്തിയ മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ആദ്യം പ്രതിഷേധവുമായി എത്തിയ എബിവിപി പ്രവർത്തകർ പോലീസിന്‍റെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി എം.എം. ഷാജി മാർച്ച് ഉദ്ഘാടനം ചെയ്തു. എബിവിപി പ്രതിഷേധം അവസാനിപ്പിച്ചതിന് പിന്നാലെ യുവമോർച്ച പ്രവർത്തകർ പ്രകടനവുമായി എത്തി. പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമം തുടങ്ങിയതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് കെ.പി. പ്രകാശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രകാശ് ബാബുവിന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടൻ പ്രവർത്തകർ വീണ്ടും ബാരിക്കേഡ് ചാടി കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.