കോഴിക്കോട് :അരക്കിണറിൽ കുട്ടിയെ നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സൈക്കിളിൽ വീടിൻ്റെ പുറത്തേക്കിറങ്ങിയ കുട്ടിയെയാണ് നായ ആക്രമിച്ചത്. കാലിലും കൈയിലും കടിച്ചുവലിച്ച നായ വിടാതെ ആക്രമിക്കുകയായിരുന്നു.
ജില്ലയിൽ ഇന്നലെ മൂന്ന് കുട്ടികളുള്‍പ്പടെ നാല് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കോഴിക്കോട് നഗരത്തിലെ അരക്കിണറിലും വിലങ്ങാട് ടൗണിലുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്.
പുറത്തേക്കിറങ്ങിയ കുട്ടിയെ കടിച്ചുപറിച്ച് തെരുവുനായ അതേസമയം, തെരുവുനായ ശല്യം പരിഹരിക്കാൻ തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് ഇന്ന് യോഗം ചേരുന്നത്. യോഗത്തില്‍ മൂന്ന് വകുപ്പുകളുടെയും മന്ത്രിമാര്‍ പങ്കെടുക്കും.
തെരുവ് നായകളുടെ ആക്രമണം കൂടിയതോടെ പുതിയ കർമപദ്ധതിക്ക് വകുപ്പ് രൂപം നൽകും. മന്ത്രി എം.ബി രാജേഷ് ഇന്ന് മുഖ്യമന്ത്രിയെയും കാണും. തദ്ദേശ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ തെരുവുനായ നിയന്ത്രണത്തിന് പദ്ധതികൾ ആവിഷ്‌കരിക്കാനാണ് ആലോചന. നായകളെ വീടുകളിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നതും ഉന്നതതല യോഗത്തിന്‍റെ പരിഗണനയിൽ വരും.