കോഴിക്കോട്:വർഷം 1498.. പോർച്ചുഗീസ് സഞ്ചാരിയായ വാസ്‌കോഡ-ഗാമ കോഴിക്കോട് ജില്ലയിലെ കാപ്പാട് കടപ്പുറത്ത് കപ്പല്‍ ഇറങ്ങുന്നു. ഇന്ത്യയില്‍ വൈദേശികാധിപത്യത്തിന് വഴി തുറന്ന കാല്‍വെയ്പ്പാണ് അന്ന് വാസ്കോഡ- ഗാമ നടത്തിയത്. ചരിത്രമുറങ്ങുന്ന കാപ്പാട് ബീച്ചിന് ഇന്ന് പുതിയ മുഖമാണ്. ആരെയും ആകർഷിക്കുന്ന കടൽത്തീരവും പാറക്കെട്ടുകളുമാണ് കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കാപ്പാട് ബീച്ചിന്‍റെ പ്രത്യേകത. രാത്രിയില്‍ ഇഴജന്തുക്കളുടെ ശല്യമില്ലാതെ കടല്‍ക്കാറ്റേല്‍ക്കാനും വൈകുന്നേരങ്ങളില്‍ തീരസൗന്ദര്യം ആസ്വദിക്കാനും കഴിയുന്ന തരത്തിലേക്ക് ബീച്ച് മാറിക്കഴിഞ്ഞു.
2020ല്‍ പരിസ്ഥിതി സൗഹൃദ ബീച്ചുകൾക്ക് നൽകുന്ന രാജ്യാന്തര ബ്ലൂ- ഫ്ളാഗ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് കാപ്പാടിന്‍റെ മുഖം മാറിയത്. ഇതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ ഗ്രീൻ കാർപെറ്റ് പദ്ധതി നടപ്പാക്കി. 99.95 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. ഇരിപ്പിടങ്ങൾ, കുടിവെള്ള സൗകര്യങ്ങൾ, ശുചിമുറികൾ, സിസിടിവി കാമറ, കളിയുപകരണങ്ങൾ, ലാൻഡ് സ്കേപ്പിങ്, നടപ്പാത, ശുചിമുറി, ലഘുഭക്ഷണശാല, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനുള്ള സ്ഥലം എന്നിവ സജ്ജമാണ്.
കാപ്പാടിന്‍റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം പ്രകൃതിക്ക് ഒരുതരത്തിലും ദോഷം ചെയ്യാത്ത തരത്തിലുള്ള നിര്‍മാണ പ്രവർത്തികളാണ് നടത്തിയത്. പുതിയ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. പകരം ഡൽഹിയിൽ നിന്നും എത്തിച്ച മുളകളാണ് കൂടുതലായും ഉപയോഗിച്ചത്. ബീച്ചിന്‍റെ സൗന്ദര്യ സംരക്ഷണം അടക്കമുള്ള കാര്യങ്ങൾക്ക് 30 ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി തീരത്ത് കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിച്ചു. പൊലീസുകാരുടെ അംഗബലവും കൂട്ടി. മുതിർന്നവർക്ക് ഇരുപത്തിയഞ്ചും പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവർക്ക് പത്ത് രൂപയുമാണ് പ്രവേശന ഫീസ്. പത്ത് വയസില്‍ താഴെയുള്ളവർക്ക് പ്രവേശന ഫീസില്ല.