കോഴിക്കോട്:ഒരു വരിയെങ്കിലും പാടാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാകുമോ.. ഇല്ല അല്ലേ. എന്നാൽ പാടാൻ കഴിവുണ്ടായിട്ടും ഒന്നുമാകാതെ, കഴിഞ്ഞ് പോയ കാലത്തെ ഓർത്ത് ദുഃഖിക്കുന്നവരോ? എന്നാൽ അങ്ങനെയുള്ളവർ ഇനി ദുഃഖിക്കേണ്ട, പേരാമ്പ്രയിലെ 'ശ്രീരാഗ'ത്തിലേക്ക് എത്തിയാൽ മതി (Musician Sreejith Perambra and Sreeragam Institute of Music and Arts in Perambra).
അറിയുന്തോറും അകലം കൂടുന്ന മഹാസാഗരമായ സംഗീതത്തെ പകർന്ന് നൽകുന്നത് ആരാണെന്നറിഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നി. മാനസിക പ്രയാസത്തിൽ പെട്ട് നാടലഞ്ഞ സഹപാഠിയായ മനോജിനെ കണ്ടെത്താൻ നിമിത്തമായ അതേ ശ്രീജിത്ത് പേരാമ്പ്ര. സംഗീത പഠനമൊക്കെ എല്ലായിടത്തുമില്ലേ, ഇവിടെ വലിയ പ്രത്യേകത എന്ന് ചോദിക്കുന്നവരുണ്ടാകും.
അഞ്ച് വർഷം മുമ്പ് 6 പേരെ വച്ച് തുടങ്ങിയ ക്ലാസാണ്. ഇന്നിപ്പോൾ 350ൽ ഏറെ പേരുണ്ട് ഇവിടെ. പഠനത്തോടൊപ്പം പാട്ടുപാടാനും അവസരം. അതിലൂടെ പ്രശസ്‌തിയും വരുമാനവും. എല്ലാം തീർന്നു എന്ന് പ്രയാസപ്പെട്ടിരുന്നവർക്ക് ഇതിലും വലുത് എന്ത് വേണം.
കുട്ടികൾ മുതൽ ഏറെ മുതിർന്നവർ വരെ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. കേട്ടറിഞ്ഞ് പാട്ട് പഠിക്കാനായി ഇവിടേക്ക് വന്നതാണ് ആഗ്നസ്. ഒരു ദിവസം മാഷോട് അവൾ പറഞ്ഞു, അച്ഛനും പാടുമെന്ന്. അങ്ങനെ മാഷ് അച്ഛനോടും വരാൻ പറഞ്ഞു.