കേരളം

kerala

ETV Bharat / state

കോഴിക്കോട് അസിസ്റ്റന്‍റ് കലക്‌ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു

കൊവിഡ് കാലത്ത് ചുമതലയേല്‍ക്കുന്നത് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നത്. ഭരണരംഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ സാധിക്കുമെന്നും ശ്രീധന്യ സുരേഷ് ഐഎഎസ് പറഞ്ഞു.

കോഴിക്കോട് അസിസ്റ്റന്‍റ് കലക്‌ടര്‍  കോഴിക്കോട്  ശ്രീധന്യ സുരേഷ്  ശ്രീധന്യ സുരേഷ് ചുമതലയേറ്റു  അസിസ്റ്റന്‍റ് കലക്‌ടര്‍  Sreedhanya Suresh  Assistant Collector of Calicut  Assistant Collector
ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്‍റ് കലക്‌ടറായി ചുമതലയേറ്റു.

By

Published : Jun 11, 2020, 9:36 PM IST

കോഴിക്കോട്:ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്‍റ് കലക്‌ടറായി ചുമതലയേറ്റു. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ശ്രീധന്യ വ്യാഴാഴ്‌ച വൈകിട്ട് കലക്‌ടറേറ്റിലെത്തി ജില്ലാ കലക്‌ടര്‍ മുമ്പാകെയാണ്ചുമതലയേറ്റത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി രണ്ടാഴ്‌ച തിരുവനന്തപുരത്ത് ക്വാറന്‍റൈനിലായിരുന്നു.

കൊവിഡ് കാലത്ത് ചുമതലയേല്‍ക്കുന്നത് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നതെന്ന് ശ്രീധന്യ പറഞ്ഞു. ഭരണരംഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും. കോഴിക്കോട് എന്‍റെ രണ്ടാമത്തെ വീടാണ്. ഞാന്‍ പഠിച്ചതും എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങള്‍ ഇവിടെയുണ്ട്. വലിയൊരു ചുമതലയിലേക്കാണ് കാലെടുത്തുവച്ചത്. ആത്മാര്‍ഥയോടെ അതൊക്കെ ചെയ്യും. 2016ല്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വീസിലേക്ക് എത്തിച്ചത്. അന്ന് വയനാട് സബ് കലക്‌ടറായിരുന്ന, നിലവില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളുമാണ് ആഗ്രഹങ്ങള്‍ വളര്‍ത്തിയത്. അദ്ദേഹത്തിന്‍റെ കീഴില്‍ ജോലിചെയ്യാന്‍ കഴിയുന്നത് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും ശ്രീധന്യ സുരേഷ് പറഞ്ഞു.

എട്ട് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് ശ്രീധന്യയുടെ ഐഎഎസ് നേട്ടമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു. പരിമിതമായ ജീവിത സാഹചര്യത്തില്‍ നിന്ന് ശ്രീധന്യ പൊരുതി നേടിയ വിജയത്തില്‍ തന്‍റെ സന്തോഷത്തിന് അതിരില്ലായെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ശ്രീധന്യ സുരേഷ്. തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്ദര ബിരുദവും പൂര്‍ത്തിയാക്കിയ ശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയത്. രണ്ടാമത്തെ പരിശ്രമത്തിലായിരുന്നു ശ്രീധന്യക്ക് സിവില്‍ സര്‍വീസ് ലഭിച്ചത്.

ABOUT THE AUTHOR

...view details